15കാരിയെ കാമുകൻ വിറ്റു; പിന്നാലെ ലേലവും കൂട്ടബലാത്സംഗവും; യു.പിയിൽ സ്ത്രീകളടക്കം ഏഴ് പേർ അറസ്റ്റിൽ
പെൺവാണിഭ സംഘത്തിലെ അംഗമായിരുന്ന ആ സ്ത്രീക്ക് നഗരത്തിൽ വേശ്യാലയങ്ങളായി ഉപയോഗിച്ചിരുന്ന നിരവധി വാടക ഫ്ലാറ്റുകൾ ഉണ്ടായിരുന്നു'.
ആഗ്ര: വീടുവിട്ടിറങ്ങി തന്റെയടുക്കലെത്തിയ 15കാരിയെ കാമുകൻ പെൺവാണിഭ സംഘത്തിന് വിറ്റു. സംഘം പെൺകുട്ടിയെ ലേലം ചെയ്യുകയും വാങ്ങിയവർ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് കൊടുംക്രൂരത. സംഭവത്തിൽ മൂന്ന് സ്ത്രീകളടക്കം ഏഴ് പേരെ അറസ്റ്റ് ചെയ്തതായി ആഗ്ര പൊലീസ് അറിയിച്ചു.
ഒരാൾ ഒളിവിലാണെന്നും ഇയാൾക്കായി അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിൽക്കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തതിനെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ചൈൽഡ് വെൽഫെയർ കമ്മിറ്റി ആഗ്ര യൂണിറ്റ് കുട്ടിയെ പൊലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്തതിനു പിന്നാലെയാണ് നടപടി.
പിന്നീട് ജനുവരി 30ന് ഏരിയാ പൊലീസ് സ്റ്റേഷൻ ഓഫീസർമാരുടെ സാന്നിധ്യത്തിൽ കമ്മിറ്റി അംഗങ്ങൾക്ക് മുമ്പാകെ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതികൾക്കെതിരെ ഐ.പി.സി 376 ഡിഎ (16 വയസിൽ താഴെയുള്ള കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുക) വകുപ്പും പെൺവാണിഭം തടയൽ നിയമം, പോക്സോ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
'പെൺകുട്ടിയുടെ മൊഴി പ്രകാരം അവളുടെ കാമുകനെയാണ് ഞങ്ങളാദ്യം അറസ്റ്റ് ചെയ്തത്. അയാളെ ചോദ്യം ചെയ്തതിലൂടെയും തുടർ അന്വേഷണത്തിലൂടെയും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റു പ്രതികളിൽ ഓരോരുത്തരെയായി അറസ്റ്റ് ചെയ്തത്. പിടികൂടാനുള്ളയാൾക്കായി മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. അറസ്റ്റ് ചെയ്തവരെ ബുധനാഴ്ച വൈകീട്ടോടെ കോടതിയിൽ ഹാജരാക്കി ജയിലിൽ അടച്ചു'- ഏരിയ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് പറഞ്ഞു.
'ആഗ്രയിലെ ഒരു ഇറച്ചി യൂണിറ്റിന്റെ പാക്കേജിങ് ഡിവിഷനിലായിരുന്നു ഇരയായ പെൺകുട്ടിയുടെ അമ്മയ്ക്ക് ജോലി. അവിടെ പോയപ്പോഴാണ് 22കാരനെ പരിചയപ്പെടുന്നത്. പിന്നീട് അയാളുമായി പ്രണയത്തിലായി. ജനുവരി 26ന് വൈകുന്നേരം പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങി യുവാവിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു'- പൊലീസ് പറഞ്ഞു.
'അന്ന് രാത്രി തനിക്കൊപ്പം കഴിഞ്ഞ 15കാരിയെ പിന്നീട് അവിടെ നിന്നും ആഗ്രയുടെ മറ്റൊരു ഭാഗത്തേക്ക് കൊണ്ടുപോവുകയും ഒരു വലിയ തുകയ്ക്ക് വിൽക്കുകയും ചെയ്തു. ഒരു സ്ത്രീക്കാണ് പെൺകുട്ടിയെ ഇയാൾ വിറ്റത്. ആ സ്ത്രീയും കൂട്ടാളിയും കുട്ടിയെ മറ്റൊരു സ്ത്രീയുടെ അടുത്തേക്ക് കൊണ്ടുപോയി. പെൺവാണിഭ സംഘത്തിലെ അംഗമായിരുന്ന ആ സ്ത്രീക്ക് നഗരത്തിൽ വേശ്യാലയങ്ങളായി ഉപയോഗിച്ചിരുന്ന നിരവധി വാടക ഫ്ലാറ്റുകൾ ഉണ്ടായിരുന്നു'.
'തുടർന്ന് ഒരിടത്ത് ജോലി വാഗ്ദാനം ചെയ്ത് ഈ സ്ത്രീ പെൺകുട്ടിയുടെ ഫോട്ടോയെടുത്തു. തുടർന്ന് ഈ ഫോട്ടോ അവരുടെ പല കസ്റ്റമർമാരെ കാണിക്കുകയും ലേലം ചെയ്യുകയും ചെയ്തു. ഇവരിൽ ആഗ്ര സ്വദേശിയായ കസ്റ്റമർ പരമാവധി തുകയ്ക്ക് പെൺകുട്ടിയെ ലേലത്തിൽ വാങ്ങുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. പിന്നീട് ഇതേ ലേലത്തിൽ പങ്കെടുത്ത രണ്ട് പേർ കൂടി ബലാത്സംഗം ചെയ്യുകയായിരുന്നു'- പൊലീസ് കൂട്ടിച്ചേർത്തു.
തുടർന്ന് പെൺകുട്ടി അവിടെ നിന്ന് രക്ഷപ്പെടുകയും ഒരു സ്ത്രീയുടെ സഹായം തേടുകയും അവർ അവളെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് അവിടെയുള്ള ഉദ്യോഗസ്ഥർ ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെടുകയും അവരെത്തി പെൺകുട്ടിയെ ഏറ്റെടുക്കുകയുമായിരുന്നു.
Adjust Story Font
16