Quantcast

രണ്ടു വർഷം; ബുൾഡോസർ രാജ് ഇടിച്ചുനിരത്തിയത് ഒന്നര ലക്ഷത്തിലേറെ വീടുകൾ

തകർക്കപ്പെട്ട വീടുകളിൽ സിംഹഭാഗവും മുസ്‌ലിം, ദളിത് വിഭാഗങ്ങളുടേത്

MediaOne Logo

Web Desk

  • Published:

    13 July 2024 6:52 AM GMT

bulldozer raj
X

ന്യൂഡൽഹി: രണ്ടു വർഷത്തിനിടെ ഒന്നര ലക്ഷത്തിലേറെ വീടുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുൾഡോസർ ഉപയോഗിച്ച് തകർത്തതായി കണക്കുകൾ. നിര്‍ബന്ധിത കുടിയൊഴിപ്പിക്കലില്‍ 7.38 ലക്ഷം പേർ ഭവനരഹിതരായി. തകർക്കപ്പെട്ട വീടുകൾ മിക്കതും മുസ്‌ലിംകളുടേതോ ദളിത് വിഭാഗത്തിന്റേതോ ആണെന്ന് ഫ്രണ്ട്‌ലൈൻ മാഗസിൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

2022-23 വർഷത്തെ ഹൗസിങ് ആന്റ് ലാൻഡ് റൈറ്റ്‌സ് നെറ്റ്‌വർക്കിന്റെ (എച്ച്എൽആർഎൻ) കണക്കുകള്‍ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഇതുപ്രകാരം പ്രാദേശിക, സംസ്ഥാന, കേന്ദ്ര ഭരണകൂടങ്ങൾ 1,53,820 വീടുകളാണ് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. ഗ്രാമ-നഗര മേഖലയിൽ 7,38,438 പേർക്ക് കിടപ്പാടം നഷ്ടമായി. 2017 മുതൽ 2023 വരെ അഞ്ചു വർഷം 10.68 ലക്ഷം പേരെ ഇത്തരത്തിലുള്ള കുടിയൊഴിപ്പിക്കൽ ബാധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഒഴിപ്പിക്കൽ വർഷംപ്രതി കൂടി വരുന്ന പ്രവണതയുമുണ്ട്. 2019ൽ 1,07,625 നിർബന്ധിത കുടിയൊഴിപ്പിക്കലാണ് നടന്നത്. 2022ൽ ഇത് 2,22,686 ആയി. 2023ൽ 5,15,752.

ചേരി ഒഴിപ്പിക്കൽ, അനധികൃത നിർമാണം തകർക്കൽ, നഗരസൗന്ദര്യവൽക്കരണം തുടങ്ങിയ വിവിധ കാരണങ്ങളാണ് കുടിയൊഴിപ്പിക്കലിനായി സര്‍ക്കാറുകള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. 2023ൽ ഇത്തരത്തിൽ നിർബന്ധിത ഒഴിപ്പിക്കൽ നടന്ന പ്രധാന പ്രദേശങ്ങൾ ഇവയാണ്- മധ്യപ്രദേശിലെ ജിറാപൂർ ഗ്രാമം, ഉത്തർപ്രദേശിലെ പ്രയാഗ്‌രാജും സഹാറൻപൂരും, ഹരിയാനയിലെ നൂഹ്, ഡൽഹിയിലെ ജഹാൻഗിർപുരി. ഇവിടങ്ങളിലെ നിയമവിരുദ്ധ കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചത് എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുള്ളവരുടെ കിടപ്പാടമാണ് ഈ പ്രദേശങ്ങളിൽ തകർത്തതെന്ന് റിപ്പോര്‍ട്ട് എടുത്തു പറയുന്നു.

ഉദാഹരണത്തിന്, ജഹാൻഗിർപുരിയിൽ 2022 ഏപ്രിൽ 20ന് ഹനുമാൻ ജയന്തി ഘോഷയാത്രയുമായി ബന്ധപ്പെട്ട് ഉണ്ടായ അനിഷ്ട സംഭവങ്ങൾക്ക് പിന്നാലെ നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ (എൻഡിഎംസി) 12 കമ്പനി സിആർപിഎഫ് പട്ടാളക്കാരുടെ സഹായത്തോടെ തകർത്തത് 25 കടമുറികളും വീടുകളുമായിരുന്നു. ഇതെല്ലാം മുസ്‌ലിംകളുടേതായിരുന്നു. മധ്യപ്രദേശിലെ ഖാർഗോണിൽ രാമനവമി, ഹനുമാൻ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾക്ക് പിന്നാലെ മുസ്‌ലിംകളുടെ 16 വീടുകളും 29 കടകളുമാണ് അധികൃതർ പൊളിച്ചു കളഞ്ഞത്. പ്രധാനമന്ത്രി ആവാസ് യോജ്‌ന പദ്ധതിക്ക് കീഴിൽ ലഭിച്ച വീടുകൾ കൂടി ഇതിൽ തകർക്കപ്പെട്ടു.

ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലാണ് ബുൾഡോസർ രാജ് നിലനിൽക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ബുൾഡോസർ ഉപയോഗിച്ച് തകർക്കാവുന്ന സാഹചര്യത്തിൽ രാജ്യത്ത് 17 ദശലക്ഷം വീടുകളുണ്ടെന്ന് പറഞ്ഞാണ് റിപ്പോർട്ട് അവസാനിക്കുന്നത്.

ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട കോടതി നിർദേശങ്ങൾ ഒന്നും പാലിക്കാതെയാണ് ബുൾഡോസർ രാജ് പ്രവർത്തിക്കുന്നെതെന്ന് മനുഷ്യാവകാശ പ്രവർത്തകർ ഏറെക്കാലമായി ചൂണ്ടിക്കാട്ടുന്നതാണ്. ഇത്തരം നടപടികളേക്ക് കടക്കും മുമ്പ് നോട്ടീസ് നൽകുകയും കാരണം വ്യക്തമാക്കുകയും വേണമെന്ന് ഗ്രേറ്റർ മുംബൈ മുനിസിപ്പൽ കോർപറേഷൻ വേഴ്സസ് സൺബീം ഹൈടെക് ഡവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കേസിൽ സുപ്രിംകോടതി വ്യക്തമാക്കിയതാണ്. ബാൽ കിഷൻ ദാസ് വേഴ്സസ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ കേസിൽ 2010ൽ ഡൽഹി ഹൈക്കോടതിയും കാരണം കാണിക്കല്‍ നോട്ടീസിന്റെ ആവശ്യകത എടുത്തു പറഞ്ഞിട്ടുണ്ട്. എന്നാൽ അടുത്തിടെയുണ്ടായ ഒഴിപ്പിക്കലിലൊന്നും ഈ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടിട്ടില്ല.

Summary: India’s bulldozer raj has seen over 1,50,000 homes razed and 7,38,000 left homeless in two years

TAGS :

Next Story