ബിഹാറിൽ ഇടിമിന്നലേറ്റ് 16 പേർ മരിച്ചു
ഇതോടെ ജൂൺ മാസത്തിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 36 ആയി
പട്ന: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബിഹാറിലെ ഏഴ് ജില്ലകളിൽ ഇടിമിന്നലിൽ 16 പേർ മരിച്ചു. ഇതോടെ ജൂൺ മാസത്തിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 36 ആയി. കിഴക്കൻ ചമ്പാരൻ ജില്ലയിൽ നാല് പേരും ഭോജ്പൂരിലും സരണിലും മൂന്ന് പേർ വീതവും വെസ്റ്റ് ചമ്പാരനിലും അരാരായയിലും രണ്ട് പേർ വീതവും ബങ്കയിലും മുസാഫർപൂരിലും ഓരോരുത്തർ വീതവുമാണ് മരിച്ചത്.
മരണത്തിൽ ദു:ഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി നിതീഷ് കുമാർ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപരൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മോശം കാലാവസ്ഥയാണ് നിലനിൽക്കുന്നതെന്നും ജനങ്ങൾ വീട്ടിൽ തന്നെ തുടരണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ജൂൺ 21 ന് പൂർണ്ണിയ, ഖഗാരിയ, സഹർസ എന്നിവിടങ്ങളിൽ ഇടിമിന്നലേറ്റ് മൂന്ന് പേർ മരിച്ചിരുന്നു. ജൂൺ 18, 19 തീയതികളിൽ 17 പേരും മരിച്ചിരുന്നു.
വരും ദിവസങ്ങളിലും പ്രക്ഷുബ്ധമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. വടക്കൻ ബിഹാറിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വ്യാഴാഴ്ച കനത്ത മഴയ്ക്കൊപ്പം ഇടിമിന്നലുമുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Adjust Story Font
16