ഏറ്റുമുട്ടലിൽ 17കാരൻ കൊല്ലപ്പെട്ടു; ജാർഖണ്ഡിൽ സംഘർഷാവസ്ഥ
നാലു ജില്ലയിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു
ജാർഖണ്ഡിലെ ഹസാരിബാഗിൽ രണ്ടു സമുദായങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ 17കാരൻ കൊല്ലപ്പെട്ടതിനെ തുടർന്ന് സംഘർഷാവസ്ഥ തുടരുന്നു. നാല് ജില്ലകളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു. രോഷാകുലരായ ജനക്കൂട്ടം ആറ് വാഹനങ്ങൾ കത്തിച്ചു. ആൾക്കൂട്ട ആക്രമണ നിയമ പ്രകാരം കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും കൊല്ലപ്പെട്ട രൂപേഷ് കുമാർ പാണ്ഡെയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ ദേശീയ പാത ഉപരോധിക്കുകയും ചെയ്തു.
ഞായറാഴ്ച വൈകുന്നേരം കരിയാദ്പൂർ ഗ്രാമത്തിൽ സരസ്വതി പൂജയ്ക്ക് ശേഷമുള്ള നിമജ്ജന ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘർഷത്തിലാണ് രൂപേഷ് കുമാർ പാണ്ഡെ മരിക്കുന്നത്. എന്നാൽ നിമജ്ജന ഘോഷയാത്രയുമായി ഇതിന് ബന്ധമില്ലെന്ന് ഹസാരിബാഗ് പോലീസ് സൂപ്രണ്ട് മനോജ് രത്തൻ ചോത്തെ പി.ടി.ഐയോട് പറഞ്ഞു. ഇത് വർഗീയമായ സംഭവമല്ല.മുമ്പ് നടന്ന തർക്കത്തിന്റെ തുടർച്ചയായാണ് ഇതും നടന്നത്. ആകസ്മികമായി മർദ്ദിച്ചയാളും മരിച്ചയാളും വ്യത്യസ്തവിഭാഗങ്ങളിൽ പെട്ടവരായിരുന്നെന്നും എസ്.പി പറഞ്ഞു. 27 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും നാലുപേരെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് അറിയിച്ചു.
ജില്ലയുടെ സാമുദായിക സ്വഭാവം കണക്കിലെടുത്ത് ജില്ലയിലും കോഡെർമ, ഗിരിദിഹ്, ഛത്ര, രാംഗഡ്, ബൊക്കാറോ എന്നിവിടങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾ തൽക്കാലം നിർത്തിവച്ചിരിക്കുകയാണെന്ന് ചോതേ പറഞ്ഞു. കരിയാദ്പൂർ ഗ്രാമത്തിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു. എസ്പിയും ഹസാരിബാഗ് ഡെപ്യൂട്ടി കമ്മീഷണറും ആദിത്യ കുമാർ ആനന്ദും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഹസാരിബാഗ് ജില്ലാ ഭരണകൂടം ബന്ധുക്കൾക്ക് 20,000 രൂപ അടിയന്തര നഷ്ടപരിഹാരം പ്രഖ്യാപിച്ചു, കൂടാതെ കുട്ടിയുടെ അമ്മയ്ക്കും പിതാവിനും ആജീവനാന്ത പെൻഷൻ 6,000 രൂപ വീതവും പ്രഖ്യാപിച്ചിട്ടുണ്ട്.
Adjust Story Font
16