നിയമവിരുദ്ധ കുടിയേറ്റ ആരോപണം; നാസിക്കിലെ മുസ്ലിം ഭൂരിപക്ഷ മേഖലയിൽ 19 പേർ അറസ്റ്റിൽ
പ്രദേശത്ത് റോഹിങ്ക്യകളും ബംഗ്ലാദേശികളും കുടിയേറിപ്പാർക്കുന്നുവെന്ന ബിജെപി നേതാവ് കിരിത് സോമയ്യയുടെ പരാമർശത്തിന് പിന്നാലെയാണ് മഹാരാഷ്ട്ര സർക്കാർ എസ്‌ഐടി രുപീകരിച്ചത്

മുംബൈ: നാസിക് ജില്ലയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മലേഗാവിൽ കുടിയേറ്റ ആരോപണത്തിൽ 19 പേർ അറസ്റ്റിൽ. മഹായുതി സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ആണ് പ്രദേശവാസികളെ ഉൾപ്പടെ അറസ്റ്റ് ചെയ്തത്. പ്രദേശത്ത് റോഹിങ്ക്യകളും ബംഗ്ലാദേശികളും കുടിയേറിപ്പാർക്കുന്നുവെന്ന ബിജെപി നേതാവ് കിരിത് സോമയ്യയുടെ പരാമർശത്തിന് പിന്നാലെയാണ് മഹാരാഷ്ട്ര സർക്കാർ എസ്‌ഐടി രുപീകരിച്ചത്.
ഈ വർഷം ജനുവരിയിലാണ് ബിജെപി നേതാവായ കിരിത് സോമയ്യ മലേഗാവ് സന്ദർശിച്ചത്. പിന്നാലെ ആയിരത്തിലധികം റോഹിങ്ക്യകളും ബംഗ്ലാദേശികളും മലേഗാവിൽ നിയമവിരുദ്ധമായി താമസിക്കുന്നു എന്നദ്ദേഹം ആരോപണം ഉയർത്തുകയായായിരുന്നു. നിയമവിരുദ്ധമായി ഇന്ത്യൻ രേഖകൾ നേടി, യാതൊരു ഭയവുമില്ലാതെ ജീവിക്കുന്നുവെന്നും നാലായിരത്തിലധികം അനധികൃത കുടിയേറ്റക്കാർ പ്രദേശത്ത് ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഒരു ആഴ്ചക്കുള്ളിൽ തന്നെ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നാസിക് മേഖലയിലെ സ്‌പെഷ്യൽ ഇൻസ്‌പെക്ടർ ജനറലിന്റെ നേതൃത്വത്തിൽ ഒരു എസ്‌ഐടി പ്രഖ്യാപിച്ചു. മാലേഗാവിൽ സംഘം പ്രത്യേക ഓഫീസും തുറന്നിരുന്നു. അതിനുശേഷം സർട്ടിഫിക്കറ്റുകൾക്ക് വേണ്ടി ഔദ്യോഗിക അപേക്ഷ നൽകിയ നൂറുകണക്കിന് പേരെ എസ്.ഐ.ടി വിളിച്ചുവരുത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. എസ്‌ഐടിയുടെ ഇതുവരെയുള്ള പരിശോധനയുടെ അടിസ്ഥാനത്തിൽ ഇവരിൽ നിയമവിരുദ്ധ കുടിയേറ്റക്കാരോ, റോഹിങ്ക്യകളോ ബംഗ്ലാദേശികളോ ഇല്ലെന്ന് വ്യക്തമായിട്ടുണ്ട്. തലമുറകളായി മാലേഗാവിൽ താമസിക്കുന്നവരാണ് എസ്ഐടി ചോദ്യം ചെയ്തവരിൽ ഭൂരിഭാഗം പേരും.
നിലവിൽ മാലേഗാവ് പോലീസ് 19 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അനധികൃത കുടിയേറ്റത്തിനല്ല പകരം രേഖകൾ കൃതിമത്വം കാണിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Adjust Story Font
16