യുപിയിൽ സ്കൂളിന് 1965ലെ യുദ്ധനായകന്‍റെ പേര് ഒഴിവാക്കി; പകരം പ്രധാനമന്ത്രിയുടെ പേര്
പ്രതിഷേധവുമായി സൈനികന്‍റെ കുടുംബവും പ്രതിപക്ഷവും

വീർ അബ്ദുൽ ഹമീദ്
ലഖ്നൗ: ഉത്തർപ്രദേശിലെ ഗാസിപൂർ വിദ്യാഭ്യാസ അധികൃതർ ധമുപൂർ ഗ്രാമത്തിലെ സർക്കാർ സ്‌കൂളിന്‍റെ പേരിൽനിന്ന് 1965ലെ യുദ്ധനായകന്‍റെ പേര് ഒഴിവാക്കി. പാകിസ്താനെതിരായ യുദ്ധത്തിൽ രക്തസാക്ഷിയായ വീർ അബ്ദുൽ ഹമീദിന്‍റെ സ്മരണാർഥം അദ്ദേഹത്തിന്‍റെ പേരാണ് സ്കൂളിന് നൽകിയിരുന്നത്. പ്രധാനമന്ത്രി ശ്രീ കോമ്പോസിറ്റ് വിദ്യാലയ, ധമുപൂർ എന്നാണ് പുതിയ പേര്. വീർ അബ്ദുൽ ഹമീദ് അഞ്ചാം ക്ലാസ് വരെ പഠിച്ച സ്കൂൾ കൂടിയാണിത്. പേര് മാറ്റിയതിനെതിരെ ധീരരക്തസാക്ഷിയുടെ കുടുംബാംഗങ്ങളിൽനിന്നും പ്രതിപക്ഷ പാർട്ടി നേതാക്കളിൽനിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഇന്ത്യയ്ക്കുവേണ്ടി തന്‍റെ മുത്തച്ഛൻ നടത്തിയ പരമമായ ത്യാഗത്തിന്‍റെ സ്മരണയ്ക്കായിട്ടാണ് സ്കൂളിന് ഈ പേര് നൽകിയതെന്ന് രക്തസാക്ഷിയുടെ ചെറുമകൻ ജമീൽ ആലം പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപന അധികൃതർ സ്കൂളിന്‍റെ പേര് ഏകപക്ഷീയമായി മാറ്റിയെന്നും ഇത് രക്തസാക്ഷിയോടുള്ള അപമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജമീൽ ആലം അടിസ്ഥാന വിദ്യാഭ്യാസ ഓഫീസർക്ക് (ബിഎസ്എ) പരാതി നൽകി.
അതേസമയം, ഷഹീദ് വീർ അബ്ദുൽ ഹമീദിന്‍റെ പേര് സ്കൂൾ രേഖകളിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സ്കൂൾ പ്രധാനാധ്യാപകൻ പറയുന്നതെന്ന് ബിഎസ്എ ഗാസിപൂർ ഓഫീസർ ഹേമന്ത് റാവു പറഞ്ഞു. താൻ നേരിട്ട് സ്കൂൾ സന്ദർശിച്ച് ഇക്കാര്യം അന്വേഷിക്കും. രക്തസാക്ഷിയെ ബഹുമാനിക്കേണ്ടതുണ്ട്. എന്തെങ്കിലും പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
അതേസമയം, സ്വാതന്ത്ര്യ സമരത്തിലും യുദ്ധങ്ങളിലും രാജ്യത്തിന് വേണ്ടി പോരാടിയ മുസ്ലിംകളെ ബിജെപി സർക്കാർ മനഃപൂർവ്വം ഒഴിവാക്കുകയാണെന്ന് പ്രതിപക്ഷ നേതാക്കൾ വിമർശിച്ചു. തങ്ങളുടെ രാഷ്ട്രീയത്തിന് അനുസരിച്ചുള്ള ചരിത്രരേഖകൾ നിർമിക്കാനുള്ള ബിജെപിയുടെ പ്രത്യയശാസ്ത്ര പദ്ധതിയാണിതെന്നും അവർ കുറ്റപ്പെടുത്തി.
ഗാസിപൂർ വിദ്യാഭ്യാസ വകുപ്പ് പരംവീർ ചക്ര ജേതാവായ വീർ അബ്ദുൽ ഹമീദിന്‍റെ സ്മരണാർഥമുള്ള സ്‌കൂളിന്‍റെ പേര് മാറ്റിയത് അപലപനീയമാണെന്ന് കോൺഗ്രസ് എംപി ഇമ്രാൻ പ്രതാപ്ഗർഹി പറഞ്ഞു. ‘ഞാൻ വീർ അബ്ദുൽ ഹമീദ് സാഹിബിന്‍റെ കുടുംബവുമായി ഫോണിൽ സംസാരിച്ചു. മുമ്പ് സ്കൂളിലെ പ്രധാനാധ്യാപകൻ ഇത്തരമൊരു ശ്രമം നടത്തിയിട്ടുണ്ട്. അബ്ദുൽ ഹമീദ് അഞ്ചാം ക്ലാസ് വരെ പഠിച്ച സ്കൂളെങ്കിലും അദ്ദേഹത്തിന്‍റെ ഓർമകളുടെ സ്മാരകമായി സംരക്ഷിക്കണമെന്ന് സർക്കാരിനോട് അഭ്യർഥിക്കുന്നു. സ്കൂളിന്‍റെ പേര് വീർ അബ്ദുൽ ഹമീദ് എന്നാക്കണം. ഇത്തരം ശ്രമങ്ങൾ ആവർത്തിച്ച് നടത്തുന്നവർക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കണം’ -എംപി ‘എക്സി’ൽ കുറിച്ചു.
സ്കൂളിന്‍റെ പഴയ പേര് പുനഃസ്ഥാപിക്കണമെന്ന് ഭീം ആർമി തലവനും എംപിയുമായ ചന്ദ്രശേഖർ ആസാദ് രാവണും ആവശ്യപ്പെട്ടു. പരംവീര ചക്ര ജേതാവ് വീർ അബ്ദുൽ ഹമീദിന്‍റെ പേരിലുള്ള സ്കൂളിന്‍റെ പേര് മാറ്റുന്നത് അപലപനീയം മാത്രമല്ല, ഒരു മഹാനായ യോദ്ധാവിന്‍റെ പരമോന്നത ത്യാഗത്തോടുള്ള അപമാനം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
1954ൽ 20ാം വയസ്സിലാണ് അബ്ദുൽ ഹമീദ് സൈന്യത്തിൽ ചേരുന്നത്. 1965ലെ ഇന്ത്യ-പാക് യുദ്ധത്തിൽ നിർണായക പങ്കാണ് അദ്ദേഹം വഹിച്ചത്. പാകിസ്താൻ അക്കാലത്ത് അമേരിക്കയിൽനിന്ന് നിരവധി പാറ്റൺ ടാങ്കുകൾ സ്വന്തമാക്കിയിരുന്നു. 1965 സെപ്റ്റംബർ 9-10 തീയതികളിൽ ഖേം കരൺ സെക്ടറിലെ ചീമ ഗ്രാമത്തിനടുത്തുള്ള തന്ത്രപ്രധാനമായ സ്ഥലം ഈ ടാങ്കുകൾ ഉപയോഗിച്ച് പാകിസ്താൻ ആക്രമിച്ചു. വീർ അബ്ദുൽ ഹമീദ് യുദ്ധത്തിൽ ജീവൻ ബലിയർപ്പിക്കുന്നതിനുമുമ്പ് ഒന്നിലധികം ശത്രു ടാങ്കുകളെയാണ് ഇല്ലാതാക്കിയത്. പാകിസ്താൻ സൈന്യത്തിനെതിരെ അദ്ദേഹം കാണിച്ച ധീരതയുടെ പേരിൽ വീർ അബ്ദുൽ ഹമീദ് എക്കാലവും ഓർമിക്കപ്പെടുന്നു.
Adjust Story Font
16