Quantcast

'നമ്മുടെ ചാമ്പ്യന്മാരെയാണ് കയ്യേറ്റം ചെയ്തത്': ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി 1983ൽ ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യൻ ടീം

'നമ്മുടെ ചാമ്പ്യന്മാരെ കയ്യേറ്റം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ കണ്ടപ്പോഴും മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന അവരുടെ പ്രഖ്യാപനം കേട്ടപ്പോഴും വിഷമം തോന്നി'

MediaOne Logo

Web Desk

  • Updated:

    2023-06-02 13:48:47.0

Published:

2 Jun 2023 1:42 PM GMT

1983 World Cup Cricket Champions Support Wrestlers
X

ഡല്‍ഹി: സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി 1983ലെ ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളായ ഇന്ത്യന്‍ ടീം. നമ്മുടെ ചാമ്പ്യന്മാരെ കയ്യേറ്റം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ കണ്ടപ്പോഴും മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന അവരുടെ പ്രഖ്യാപനം കേട്ടപ്പോഴും വിഷമം തോന്നി. നിലവിലെ പ്രശ്‌നങ്ങളെല്ലാം ഉടനെ പരിഹരിക്കപ്പടുമെന്നാണ് പ്രതീക്ഷയെന്നും കപില്‍ദേവ്, സുനില്‍ ഗവാസ്കര്‍, അമര്‍നാഥ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.

"നമ്മുടെ നാടിന്‍റെ അഭിമാനമായ ഗുസ്തി താരങ്ങള്‍ക്കെതിരായ കയ്യേറ്റത്തിന്‍റെ ദൃശ്യങ്ങള്‍ കണ്ടപ്പോഴും പ്രതിഷേധത്തിന്‍റെ ഭാഗമായി അവര്‍ നദിയില്‍ മെഡലുകള്‍ ഒഴുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും ഞങ്ങൾക്ക് വിഷമവും അസ്വസ്ഥതയും തോന്നി. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്റെയും പ്രയത്നത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്റെയുമെല്ലാം ഫലമാണ് അവര്‍ നേടിയ മെഡലുകള്‍. താരങ്ങള്‍ രാജ്യത്തിന്റെ അഭിമാനമാണ്. കടുത്ത തീരുമാനമെടുക്കരുതെന്ന് ഞങ്ങള്‍ ഗുസ്തി താരങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അവരുടെ പരാതികൾ കേൾക്കുകയും നിലവിലുള്ള പ്രശ്‌നങ്ങളെല്ലാം ഉടനെ പരിഹരിക്കപ്പടുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ നിയമം വിജയിക്കട്ടെ"- എന്നാണ് താരങ്ങളുടെ പ്രസ്താവന.

ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷണെതിരെ ഗുസ്തി താരങ്ങൾ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354ആം വകുപ്പിലെ വിവിധ ഉപ വകുപ്പുകൾ ആണ് ഡൽഹി കൊണാട്ട്പ്ലേസ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ബ്രിജ്ഭൂഷണ് എതിരെ ചുമത്തിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ മുതൽ പീഡന ശ്രമം, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്. പരിശീലനത്തിനിടെ പറ്റിയ പരിക്ക് ചികിത്സിക്കാൻ ഫെഡറേഷന്‍ മുടക്കിയ പണത്തിന് പകരമായി ബ്രിജ്ഭൂഷൺ ശാരീരിക ബന്ധത്തിന് നിർബന്ധിച്ചതായി താരങ്ങൾ പൊലീസിൽ നൽകിയ പരാതിയിൽ ആരോപണം ഉണ്ട്.

ഖാപ് പഞ്ചായത്തുകൾ താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ബി.ജെ.പി സമ്മർദത്തിലാണ്. ഈ സാഹചര്യത്തിലാണ് അയോധ്യയിൽ ഈ മാസം അഞ്ചിന് നടത്തുമെന്ന് പ്രഖ്യാപിച്ച റാലി മാറ്റി വെയ്ക്കുന്നതായി ബ്രിജ്ഭൂഷൺ പ്രഖ്യാപിച്ചത്. പോക്സോ നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം സന്യാസിമാരാണ് ബ്രിജ്ഭൂഷണ് വേണ്ടി ജൻ ചേതന റാലി പ്രഖ്യാപിച്ചത്.

Summary- 1983 World Cup-winning cricket team extends support to protesting wrestlers.

TAGS :

Next Story