1200 കോടിയുടെ മയക്കുമരുന്നുമായി രണ്ട് അഫ്ഗാൻ പൗരന്മാർ പിടിയിൽ
ഡല്‍ഹി പൊലീസിന്‍റെ സ്പെഷ്യല്‍ സെല്ലാണ് മയക്കുമരുന്ന് പിടികൂടിയത്
1200 കോടിയുടെ മയക്കുമരുന്നുമായി രണ്ട് അഫ്ഗാൻ പൗരന്മാർ ഡല്‍ഹിയില്‍ പിടിയില്‍. ഡല്‍ഹി പൊലീസിന്‍റെ സ്പെഷ്യല്‍ സെല്ലാണ് മയക്കുമരുന്ന് പിടികൂടിയത്. 312.5 കിലോഗ്രാം മെത്താംഫെറ്റമൈനും 10 കിലോ ഹെറോയിനുമാണ് പ്രതികളില്‍ നിന്ന് പിടികൂടിയത്.
ഡൽഹിയിലെ കാളിന്ദി കുഞ്ച് മെട്രോ സ്‌റ്റേഷനു സമീപമുള്ള മീത്തപൂർ റോഡിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 2016 മുതൽ ഇന്ത്യയിൽ താമസിക്കുന്ന മുസ്തഫ സ്റ്റാനിക്‌സ (23 വയസ്സ്), റഹീമുല്ല റഹീം (44 വയസ്സ്) എന്നിവരാണ് പിടിയിലായത്. രാജ്യത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടകളില്‍ ഒന്നാണിതെന്നും ഡല്‍ഹി സ്പെഷ്യല്‍ സെല്‍ കമ്മീഷണർ ധാലിവാൾ പറഞ്ഞു.
എസിപിമാരായ ലളിത് മോഹൻ നേഗി, ഹൃദയഭൂഷൺ എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ വിനോദ് കുമാർ ബഡോല, ഇൻസ്‌പെക്ടർ അരവിന്ദ് കുമാർ എന്നിവരടങ്ങുന്ന സംഘം, എസ്‌ഐ സുന്ദർ ഗൗതം, എസ്‌ഐ യശ്‌പാൽ സിംഗ് എന്നിവരുടെ സഹായത്തോടെ ഡി.സി.പി കുശ്‍വഹിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. മെത്തിന്റെ ഉപയോഗം കൂടുന്നതിനെ കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. യുഎപിഎ നിയമത്തിന്റെ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
സ്കോഡ കാറില്‍ മയക്കുമരുന്ന് കടത്തുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡെന്ന് പൊലീസ് പറഞ്ഞു. 16 ബാഗുകളിലായാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്.
Adjust Story Font
16