Quantcast

ഒറ്റ രാത്രിയിൽ വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടിൽ 900 കോടി! കണ്ണുതള്ളി നാട്ടുകാര്‍!

അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് എല്ലാവരുടെയും കണ്ണുതള്ളിപ്പോയത്. ആറാം ക്ലാസുകാരനായ അശിതിന്റെ അക്കൗണ്ടിൽ 6.2 കോടിയുടെ ബാലൻസ്! ഗുരുചരൺ വിശ്വാസിന്റെ അക്കൗണ്ടിലാണെങ്കില്‍ 900 കോടി രൂപയും!

MediaOne Logo

Web Desk

  • Published:

    16 Sep 2021 3:24 PM GMT

ഒറ്റ രാത്രിയിൽ വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടിൽ 900 കോടി! കണ്ണുതള്ളി നാട്ടുകാര്‍!
X

ബിഹാറിലെ കട്ടിഹാർ ജില്ലയിലുള്ള പാസ്തിയ ഗ്രാമീണർ ഇന്ന് ബാങ്കുകളിലേക്കും എടിഎമ്മുകളിലേക്കും ഓടുകയായിരുന്നു. പുതിയ നോട്ടുനിരോധം ഭയന്നല്ല! തങ്ങൾ കോടീശ്വരന്മാരായോ എന്നറിയാൻ!

ഒറ്റരാത്രി കൊണ്ട് കോടീശ്വരന്മാരായ രണ്ടു ബാലന്മാരാണ് നാട്ടുകാരെ മുഴുവൻ ഭാഗ്യാന്വേഷണത്തിനായി എടിഎമ്മുകൾക്കുമുൻപിലേക്ക് ഓടിച്ചത്. കട്ടിഹാറിലെ ബഗോര പഞ്ചായത്തിലുള്ള പാസ്തിയയിലാണ് അമ്പരപ്പിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. ഗുരുചന്ദ്ര വിശ്വാസ്, അശിത് കുമാർ എന്നിവരാണ് ഒറ്റദിനം കോടിപതികളായ ആ 'അത്ഭുതബാലന്മാർ'.

സ്‌കൂൾ യൂനിഫോം വാങ്ങാനുള്ള സർക്കാർ സ്‌കീമിലെ പണം അക്കൗണ്ടിലെത്തിയിട്ടുണ്ടോ എന്നു പരിശോധിക്കാൻ രക്ഷിതാക്കൾക്കൊപ്പം അടുത്തുള്ള ഇന്റർനെറ്റ് കഫേയിലെത്തിയതായിരുന്നു രണ്ടുപേരും. ഉത്തർബിഹാർ ഗ്രാമീൺ ബാങ്കിലായിരുന്നു ഇരുവർക്കും അക്കൗണ്ടുണ്ടായിരുന്നത്. എന്നാൽ, കഫേയിലെ ജീവനക്കാർ ഇരുവരുടെയും അക്കൗണ്ട് ബാലൻസ് പരിശോധിച്ചപ്പോഴാണ് എല്ലാവരുടെയും കണ്ണുതള്ളിപ്പോയത്.

ആറാം ക്ലാസുകാരനായ അശിതിന്റെ അക്കൗണ്ടിൽ 6.2 കോടിയുടെ ബാലൻസ്! ഗുരുചരൺ വിശ്വാസിന്റെ അക്കൗണ്ട് കൂടി പരിശോധിച്ചപ്പോഴാണ് ആളുകൾ ശരിക്കും പകച്ചുപോയത്. ഗുരുചരണിന്റെ അക്കൗണ്ടിലുണ്ടായിരുന്നത് 900 കോടി രൂപ!

വാർത്ത കട്ടിഹാർ ജില്ലാ മജിസ്‌ട്രേറ്റ് ഉദയൻ മിശ്ര സ്ഥിരീകരിച്ചിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവം അറിഞ്ഞയുടൻ രാവിലെ ബാങ്കിൽ പരിശോധന നടത്തിയിരുന്നു. ബാങ്ക് സ്റ്റേറ്റ്‌മെന്റുകളിൽ കാണുന്നുണ്ടെങ്കിലും യഥാർത്ഥ തുക ഇവരുടെ അക്കൗണ്ടുകളിലെത്തിയിട്ടില്ലെന്നും ഉദയൻ മിശ്ര കൂട്ടിച്ചേർത്തു.

അടുത്തിടെ സമാനമായൊരു സംഭവം ബിഹാറിൽ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. പാട്‌ന സ്വദേശിയുടെ അക്കൗണ്ടിലാണ് അബദ്ധത്തിൽ അഞ്ചു ലക്ഷം രൂപ എത്തിയത്. പണം തിരികെനൽകണമെന്ന് ബാങ്ക് ആവശ്യപ്പെട്ടെങ്കിലും ഇദ്ദേഹം കൂട്ടാക്കിയില്ല. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള പണമാണിതെന്നായിരുന്നു വാദം. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

TAGS :

Next Story