Quantcast

ഉത്തർപ്രദേശിലും അസമിലും പ്രതിഷേധത്തിനിടെ രണ്ട് കോൺഗ്രസ് നേതാക്കൾ മരിച്ചു; പൊലീസ് നടപടി കാരണമെന്ന് ആരോപണം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം

MediaOne Logo

Web Desk

  • Updated:

    2024-12-19 02:51:39.0

Published:

19 Dec 2024 2:50 AM GMT

ഉത്തർപ്രദേശിലും അസമിലും പ്രതിഷേധത്തിനിടെ രണ്ട് കോൺഗ്രസ് നേതാക്കൾ മരിച്ചു; പൊലീസ് നടപടി കാരണമെന്ന് ആരോപണം
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധങ്ങള്‍ക്കിടെ രണ്ടിടങ്ങളിലായി രണ്ട് നേതാക്കള്‍ മരിച്ചു.

അസമിലെ ഗുവാഹത്തിയിലും ഉത്തര്‍പ്രദേശിലെ ലഖ്നൗവിലുമാണ് മരണങ്ങളുണ്ടായത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. പൊലീസ് നടപടിയാണ് പ്രവര്‍ത്തകരുടെ മരണങ്ങള്‍ക്ക് കാരണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ പൊലീസ് നിഷേധിച്ചു.

അഭിഭാഷകനും അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ലീഗൽ സെൽ സെക്രട്ടറിയുമായ മൃദുൽ ഇസ്‌ലാം ആണ് ഗുവാഹത്തിയില്‍ മരിച്ചത്. പൊലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചതിന് പിന്നാലെ, മൃദുല്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. അതേസമയം “മൃദുൽ ഇസ്‌ലാം മരിച്ചതല്ല, ഹിമന്ത ബിശ്വ ശർമ്മ സർക്കാർ കൊലപ്പെടുത്തിയാതാണെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറ ആരോപിച്ചു. ഗുവാഹത്തിയില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം.

ലഖ്നൗവില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രഭാത് പാണ്ഡേ ആണ് മരിച്ചത്. നിയമസഭയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധം. പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ മാറ്റുന്നതിനിടെ ശ്വാസം മുട്ടിയാണ് പ്രഭാത് കൊല്ലപ്പെട്ടതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. പ്രഭാതിന്റെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഒരു കുടുംബാംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് ആവശ്യപ്പെട്ടു.

അതേസമയം കോൺഗ്രസ് പ്രവര്‍ത്തകരുടെ മരണത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. "ബിജെപി ഭരിക്കുന്ന അസമിലും ഉത്തർപ്രദേശിലും ജനാധിപത്യവും ഭരണഘടനയും വീണ്ടും കൊലചെയ്യപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

TAGS :

Next Story