10 വർഷത്തിനിടെ രാഷ്ട്രീയ നേതാക്കൾക്കെതിരെ ഇഡി രജിസ്റ്റർ ചെയ്തത് 193 കേസ്; ശിക്ഷിക്കപ്പെട്ടത് രണ്ടെണ്ണത്തിൽ മാത്രം
ഇഡി കേസുകളുമായി ബന്ധപ്പെട്ട് എഎ റഹീം എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്ര ധനമന്ത്രാലയം പാർലമെന്റിൽ കണക്കുകൾ വ്യക്തമാക്കിയത്.

ന്യൂഡൽഹി: കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തെ വിവിധ രാഷ്ട്രീയ നേതാക്കൾക്കെതിരെ ഇഡി രജിസ്റ്റർ ചെയ്തത് 193 കേസ്. ഇതിൽ ശിക്ഷിക്കപ്പെട്ടത് രണ്ട് കേസിൽ മാത്രമാണെന്നും കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. ഇഡി കേസുകളുമായി ബന്ധപ്പെട്ട് എഎ റഹീം എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്ര ധനമന്ത്രാലയം കണക്കുകൾ വ്യക്തമാക്കിയത്.
എംപിമാർ എംഎൽഎമാർ തദ്ദേശ സ്വയംഭരണ സ്ഥാപന അംഗങ്ങൾ തുടങ്ങിയവർക്കെതിരെ കഴിഞ്ഞ 10 വർഷത്തിനിടെ ഇഡി രജിസ്റ്റർ ചെയ്ത കേസുകളുടെ പാർട്ടിയും സംസ്ഥാനവും അടിസ്ഥാനമാക്കിയുള്ള കണക്കാണ് റഹീം ആവശ്യപ്പെട്ടത്. പാർട്ടിയും സംസ്ഥാനവും തിരിച്ചുള്ള കണക്കുകൾ സൂക്ഷിച്ചിട്ടില്ല എന്നായിരുന്നു കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയുടെ മറുപടി. അതേസമയം ഓരോ വർഷവും രാഷ്ട്രീയ നേതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ മന്ത്രി പുറത്തുവിട്ടു.
എംപിമാർ എംഎൽഎമാർ രാഷ്ട്രീയ നേതാക്കൾ എന്നിവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ
01.04.2015 - 31.03.2016 10
01.04.2016 - 31.03.2017 14
01.04.2017 - 31.03.2018 07
01.04.2018 - 31.03.2019 11
01.04.2019 - 31.03.2020 26
01.04.2020 - 31.03.2021 27
01.04.2021 - 31.03.2022 26
01.04.2022 - 31.03.2023 32
01.04.2023 - 31.03.2024 27
01.04.2024 - 28.02.2025 13
2019-2024 കാലയളവിൽ ഇഡി കേസുകളിൽ വൻ വർധനയുണ്ടായെന്നാണ് കണക്കുകൾ പറയുന്നത്. 2022-2023 കാലയളവിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 32 കേസുകളാണ് അന്ന് രജിസ്റ്റർ ചെയ്യപ്പെട്ടത്. 2016-2017 കാലയളവിൽ രജിസ്റ്റർ ചെയ്ത ഒരു കേസിലും 2019-2020 കാലയളവിൽ രജിസ്റ്റർ ചെയ്യപ്പെട്ട മറ്റൊരു കേസിലും മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്.
സമീപ വർഷങ്ങളിൽ പ്രതിപക്ഷ എംപിമാർക്ക് എതിരായ ഇഡി കേസുകളിൽ വർധന ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കിൽ അതിന്റെ മാനദണ്ഡമെന്താണ് എന്ന എംപിയുടെ ചോദ്യത്തിന് അത്തരം വിവരങ്ങൾ ലഭ്യമല്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി.
കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ശിക്ഷാ നിരക്ക് കുറവാണെന്ന് സുപ്രിംകോടതി പലതവണ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ നവംബറിൽ ടിഎംസി എംഎൽഎ പാർഥ ചാറ്റർജിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ, ഇഡിയുടെ ശിക്ഷാ നിരക്ക് മോശമാണെന്ന് കോടതി വാക്കാൽ അഭിപ്രായപ്പെടുകയും ഒരാളെ എത്രകാലം വിചാരണക്ക് വിധേയമാക്കാൻ കഴിയുമെന്ന് ചോദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇഡി ഫയൽ ചെയ്ത 5000 കേസുകളിൽ 40 എണ്ണത്തിന് മാത്രമേ ശിക്ഷ ഉറപ്പാക്കാൻ കഴിഞ്ഞുള്ളൂവെന്ന് കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ പ്രോസിക്യൂഷന്റെ പ്രവർത്തനത്തിൽ കാര്യക്ഷമത ഉറപ്പാക്കണമൈന്നും ഇഡിയോട് ആവശ്യപ്പെട്ടിരുന്നു.
പിഎംഎൽഎ കേസുകളിലും അറസ്റ്റിലും ഉണ്ടായ വൻ വർധന ചില ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് അരവിന്ദ് കെജ്‌രിവാളിനെതിരായ കേസിന്റെ വിധിന്യായത്തിൽ കോടതി പറഞ്ഞിരുന്നു. ഇഡി അടക്കമുള്ള ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ പ്രതിപക്ഷത്തെയും രാഷ്ട്രീയ എതിരാളികളെയും വേട്ടയാടുന്നുവെന്ന ആരോപണം ശരിവെക്കുന്നതാണ് കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ.
Adjust Story Font
16