ഗുജറാത്തില്‍ വിഷവാതകം ശ്വസിച്ച് രണ്ടു പേര്‍ മരിച്ചു; ഏഴു പേര്‍ ചികിൽസയിൽ
അഹമ്മദാബാദ് നരോൾ ഇൻഡസ്ട്രിയൽ ഏരിയയിലെ ദേവി സിന്തറ്റിക്സിലാണ് സംഭവം
അഹമ്മദാബാദ്: ഗുജറാത്ത് അഹമ്മദാബാദിലെ തുണി ഫാക്ടറിയില്‍ വിഷവാതകം ശ്വസിച്ച് രണ്ട് പേര്‍ മരിച്ചു. ഏഴ് പേര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. നഗരത്തിലെ നരോൾ ഇൻഡസ്ട്രിയൽ ഏരിയയിലെ ദേവി സിന്തറ്റിക്സിലാണ് സംഭവം.
ഫാക്ടറിയിലെ ടാങ്കിലേക്ക് ആസിഡ് മാറ്റുന്നതിനിടെയാണ് ഒമ്പത് തൊഴിലാളികൾ വിഷവാതകം ശ്വസിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രവി മോഹൻ സൈനി അറിയിച്ചു. രാവിലെ 10.30ന് പൊലീസിന് വിവരം ലഭിച്ചുവെന്നും പിന്നാലെ ഇവരെ എല്‍.ജി ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശുപത്രിയില്‍ വച്ചാണ് രണ്ടുപേര്‍ മരണപ്പെട്ടത്.
പ്രിന്‍റിങ്, ഡൈയിംഗ് എന്നിവക്കായി ഉപയോഗിക്കുന്ന ആസിഡ് ടാങ്കിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായും ഡെപ്യൂട്ടി കമീഷണർ പറഞ്ഞു.
പൊലീസ്, ഫോറൻസിക്, വ്യാവസായിക സുരക്ഷ, ഗുജറാത്ത് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൃത്യമായ കാരണം അന്വേഷിക്കാൻ തുടങ്ങിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാവസായിക സുരക്ഷ, ഫാക്ടറി എൻഒസി മുതലായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു
Adjust Story Font
16