മലിനജലം കുടിച്ച് രണ്ടുപേർ മരിച്ചു; സംഭവം കേന്ദ്ര ജലശക്തി സഹമന്ത്രിയുടെ മണ്ഡലത്തിൽ
45 പേർ ആശുപത്രിയിൽ
ഭോപ്പാൽ: മധ്യപ്രദേശിലെ ദാമോയിൽ മലിനമായ വെള്ളം കുടിച്ചതിനെ തുടർന്ന് രണ്ട് പേർ മരിച്ചു. 45 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്ലാദ് പട്ടേലിന്റെ ലോക്‌സഭാ മണ്ഡലത്തിലാണ് സംഭവം. ഖഞ്ചാരി പതി ഗ്രാമത്തിലെ പ്രായമായ പുരുഷനും സ്ത്രീയുമാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ പത്ത് രോഗികളെ ദാമോയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 35 പേരെ സമീപത്തെ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിലേക്ക് മാറ്റി.
കിണറ്റിൽ നിന്നുള്ള മലിനമായ ജലം കഴിച്ചതുമൂലമുണ്ടായ പ്രശ്‌നമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടർമാർ പറയുന്നു. ചികിത്സയിലുള്ള മറ്റ് രോഗികളുടെ നില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു. സ്ഥലത്ത് ഡോക്ടർമാരുടെ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
കിണറ്റിലെ മലിനമായ ജലം കുടിച്ചതിന്റെ ഭാഗമായി വയറിൽ അണുബാധയുണ്ടായതായും ഡോക്ടർമാർ പറഞ്ഞു. മലിനമായ മഴവെള്ളം കയറിയതിനാലാണ് കിണർ മലിനമായതെന്നാണ് നാട്ടുകാർ പറയുന്നത്.
Adjust Story Font
16