Quantcast

മക്ഡൊണാൾഡ്സ്, തിയോബ്രോമ ഔട്ട്ലെറ്റുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം; നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

ഫ്രഞ്ച് ഫ്രൈസുൾപ്പെടെ കഴിച്ച ഒരാൾക്കും പൈനാപ്പിൾ കേക്ക് കഴിച്ച മറ്റൊരാൾക്കുമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

MediaOne Logo

Web Desk

  • Published:

    30 April 2024 9:27 AM GMT

2 ill after eating at Noidas McDonalds, Theobroma, action initiated
X

നോയ്ഡ: മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റിൽ നിന്നും തിയോബ്രോമ ബേക്കറിയിൽ നിന്നും ഭക്ഷണം കഴിച്ച ആളുകൾക്ക് ദേഹാസ്വാസ്ഥ്യം. ഉത്തർപ്രദേശിലെ നോയ്‍‍ഡ സെക്ടർ-18ലെ മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റ്, സെക്ടർ-104ലെ തിയോബ്രോമ ബേക്കറി എന്നിവയിൽ നിന്നും ഭക്ഷണം വാങ്ങിക്കഴിച്ച രണ്ട് പേർക്കാണ് അസുഖം ഉണ്ടായത്. ഇവരുടെ പരാതിയിൽ സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി ആരംഭിച്ചു.

ഫ്രഞ്ച് ഫ്രൈസുൾപ്പെടെ കഴിച്ച ഒരാൾക്കും പൈനാപ്പിൾ കേക്ക് കഴിച്ച മറ്റൊരാൾക്കുമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതേ തുടർന്ന് ഇരുവരും ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറ്റിറ്റി ഓഫ് ഇന്ത്യയുടെ ഓൺലൈൻ ഫുഡ് സേഫ്റ്റി കണക്ട് പോർട്ടലിൽ പരാതി ഫയൽ ചെയ്തു.

പരാതി ലഭിച്ചതിനെത്തുടർന്ന് ഗൗതം ബുദ്ധ് നഗറിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് സംഘം നോയ്ഡ സെക്ടർ 18ലെ മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റിൽ എത്തി സാമ്പിളുകൾ ശേഖരിച്ചു. " ഉപഭോക്താവിന്റെ പരാതിയിൽ വകുപ്പ് ഉടനടി നടപടിയെടുക്കുകയും പാമോയിൽ, ചീസ്, മയോണൈസ് എന്നിവയുടെ സാമ്പിളുകൾ ഔട്ട്‌ലെറ്റിൽ നിന്ന് ശേഖരിക്കുകയും ചെയ്തു"- എഫ്എസ്ഡിഎ അസിസ്റ്റൻ്റ് കമ്മീഷണർ അർച്ചന ധീരൻ പറഞ്ഞു.

"അവിടെ നിന്നും ആലു ടിക്കിയും ഫ്രഞ്ച് ഫ്രൈസും കഴിച്ചതിനെ തുടർന്നാണ് ഉപഭോക്താവിന് അസുഖം വന്നത്. ഇക്കാര്യത്തിൽ ഞങ്ങൾ നടപടി സ്വീകരിച്ചിട്ടുണ്ട്. സാമ്പിളുകളുടെ റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ പ്രതീക്ഷിക്കുന്നു"- അവർ വ്യക്തമാക്കി.

"തിയോബ്രോമ ബേക്കറിയിൽ നിന്നും വാങ്ങിയ പൈനാപ്പിൾ കേക്ക് കഴിച്ച ഉപഭോക്താവിനാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നാണ് ഞങ്ങൾക്ക് ലഭിച്ച പരാതി. കേക്കിൻ്റെ ഐസിങ് പുളിച്ചതായിരുന്നെന്നും പരാതിക്കാരി പറഞ്ഞു. കേക്കിൻ്റെ സാമ്പിൾ എടുത്ത് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ റിപ്പോർട്ടിൽ സാമ്പിളുകളിൽ പ്രശ്നം കണ്ടെത്തിയാൽ ഔട്ട്‌ലെറ്റുകൾക്കെതിരെ കേസെടുക്കും''- ഉദ്യോഗസ്ഥ അറിയിച്ചു.

​ഗസ്സയിൽ കൂട്ടക്കുരുതി തുടരുന്ന ഇസ്രയേലിനെ പിന്തുണച്ച് നേരത്തെ മക്ഡൊണാൾഡ്സ് രം​ഗ​ത്തെത്തിയിരുന്നു. ഇതിനു പിന്നാലെയുണ്ടായ ബഹിഷ്‌കരണത്തെ തുടർന്ന് മക്ഡൊണാൾഡ്സിന് ഏഴ് ബില്യൺ ഡോളറിന്റെ (700 കോടി) നഷ്ടമുണ്ടായെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അറബ് മേഖലയിലും ഇസ്‌ലാമിക ലോകത്തും ബഹിഷ്‌കരണ കാമ്പയിൻ വിനയായെന്ന് ഫാസ്റ്റ് ഫുഡ് ഭീമന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഇയാൻ ബോർഡൻ വെളിപ്പെടുത്തിയിരുന്നു.

തുടർന്ന് മണിക്കൂറുകൾക്കകം നഷ്ടം വീണ്ടും വർധിച്ചു. ഇസ്രായേൽ അധിനിവേശ സൈനികർക്ക് സൗജന്യ ഭക്ഷണം നൽകുമെന്ന് കഴിഞ്ഞ ഒക്ടോബറിൽ ഇസ്രായേലിലെ മക്‌ഡൊണാൾഡ്സ് പ്രഖ്യാപിച്ചത് അറബ്, ഇസ്‌ലാമിക ലോകങ്ങളിലെ ഉപഭോക്താക്കളെ രോഷാകുലരാക്കിയിരുന്നു.



TAGS :

Next Story