ചുമ മാറാൻ രണ്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ നെഞ്ചിൽ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു; അമ്മയും വ്യാജ ഡോക്ടറും പിടിയിൽ
കുഞ്ഞിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്
പോർബന്തർ: ചുമയും കഫക്കെട്ടും മാറാൻ രണ്ടുമാസം പ്രായമായ കുഞ്ഞിന്റെ നെഞ്ചിൽ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ചുവെച്ച വ്യാജഡോക്ടർ പിടിയിൽ. ഗുജറാത്തിലെ പോർബന്തർ ജില്ലയിലാണ് സംഭവം. ഒരാഴ്ച മുമ്പാണ് കുഞ്ഞിന് ചുമയും കഫവും അനുഭവപ്പെട്ടത്. വീട്ടിൽ ഒറ്റമൂലി പ്രയോഗങ്ങൾ നടത്തിയിട്ടും ചുമക്ക് ശമനമുണ്ടായില്ല.തുടർന്നാണ് കുട്ടിയുടെ അമ്മ വ്യാജഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകുന്നത്.
ദേവരാജ്ഭായ് കത്താര കുട്ടിയുടെ ഇരുമ്പുദണ്ഡ് പഴുപ്പിച്ച് നെഞ്ചിലും വയറിലും വെക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ രക്ഷിതാക്കൾ ഭാവ്സിൻഹ്ജി ജനറൽ ആശുപത്രിയിൽ എത്തിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കുഞ്ഞിനെ സർക്കാർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ചു. കുട്ടി നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. കുഞ്ഞിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വ്യാജ ഡോക്ടർക്കും കുട്ടിയുടെ അമ്മയ്ക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. വ്യാജഡോക്ടറെ അറസ്റ്റ് ചെയ്തതായും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സുർജീത് മഹേദു പറഞ്ഞു.
ഈ മാസം ആദ്യം മധ്യപ്രദേശിലെ ഷാഹ്ദോൽ ജില്ലയിലും സമാനമായ സംഭവം നടന്നിരുന്നു. ന്യൂമോണിയ മാറാനായി രണ്ടര മാസം പ്രായമുള്ള പെൺകുഞ്ഞിനെ 50 തവണയിലധികം ചൂടുള്ള ഇരുമ്പ് ദണ്ഡ് വെച്ച് പൊള്ളിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടി പിന്നീട് കൊല്ലപ്പെടുകയും ചെയ്തു.
Adjust Story Font
16