ദേശീയ പതാക ഉയർത്തുന്നതിനിടെ ഷോക്കേറ്റു; ജാർഖണ്ഡിൽ അഞ്ച് മരണം
ഇന്ന് ബൊക്കാറോ, ധൻബാദ് ജില്ലകളിലാണ് രണ്ടുപേർ മരിച്ചത്. ധൻബാദിൽ കൽക്കരി ഖനിയിൽ ജോലി ചെയ്യുന്ന അഞ്ച് തൊഴിലാളികൾ ചേർന്നു ദേശീയ പതാക ഉയർത്തുന്നതിനിടെയാണ് ഷോക്കേറ്റത്.
റാഞ്ചി: ദേശീയ പതാക ഉയർത്തുന്നതിനിടെ ജാർഖണ്ഡിൽ വ്യത്യസ്ത സംഭവങ്ങളിൽ അഞ്ചുപേർ ഷോക്കേറ്റു മരിച്ചു. ഇന്ന് രണ്ടുപേരും ഇന്നലെ മൂന്നുപേരുമാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് ദേശീയ പതാക ഉയർത്തുന്നതിനിടെയാണ് ഒരു കുടുംബത്തിലെ മൂന്നുപേർ ഷോക്കേറ്റു മരിച്ചത്.
ഇന്ന് ബൊക്കാറോ, ധൻബാദ് ജില്ലകളിലാണ് രണ്ടുപേർ മരിച്ചത്. ധൻബാദിൽ കൽക്കരി ഖനിയിൽ ജോലി ചെയ്യുന്ന അഞ്ച് തൊഴിലാളികൾ ചേർന്നു ദേശീയ പതാക ഉയർത്തുന്നതിനിടെയാണ് ഷോക്കേറ്റത്. കൊടി കെട്ടിയ ഇരുമ്പുവടി വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾ മരിക്കുകയും നാലുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
ബൊക്കാറോയിലും സമാനമായ രീതിയിലാണ് അപകടമുണ്ടായത്. പൊലീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആഘോഷത്തിനിടെയാണ് 40 വയസ്സുകാരനായ ശുചീകരണ തൊഴിലാളി മരിച്ചത്. ഒരു കോൺസ്റ്റബിളിനും നാല് ഓഫീസ് ജീവനക്കാർക്കും നിസ്സാര പരിക്കേറ്റതായി ബൊക്കാറോ സിറ്റി പൊലീസ് സൂപ്രണ്ട് കുൽദീപ് കുമാർ പറഞ്ഞു.
റാഞ്ചി ജില്ലയിലെ അർസാൻഡെ ഗ്രാമത്തിലാണ് ഒരു കുടുംബത്തിലെ മൂന്നുപേർ ഷോക്കേറ്റു മരിച്ചത്. വീടിന്റെ മേൽക്കൂരയിൽ ദേശീയ പതാക സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
Adjust Story Font
16