കർണിസേന തലവന്റെ കൊലപാതകം; മുഖ്യ പ്രതികൾ ഉൾപ്പെടെ മൂന്ന് പേർ കൂടി അറസ്റ്റിൽ
ഡൽഹി, രാജസ്ഥാൻ പൊലീസ് സേനകൾ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പ്രതികൾ അറസ്റ്റിലായത്.
ന്യൂഡൽഹി: രാഷ്ട്രീയ രജ്പുത് കർണിസേന തലവൻ സുഖ്ദേവ് സിങ്ങിന്റെ കൊലപാതകത്തിൽ മുഖ്യ പ്രതികൾ ഉൾപ്പെടെ മൂന്ന് പേർ കൂടി അറസ്റ്റിൽ. വെടിവെപ്പ് നടത്തിയ രോഹിത് റാത്തോഡ്, നിതിൻ ഫൗജി, സഹായി ഉദ്ധം സിങ് എന്നിവരാണ് പിടിയിലായത്. ചണ്ഡീഗഡിൽ നിന്നാണ് ഇവരെ പിടികൂടിയത്.
ഡൽഹി, രാജസ്ഥാൻ പൊലീസ് സേനകൾ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പ്രതികൾ അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. ശനിയാഴ്ച രാംവീർ ജാട്ട് എന്നയാളെ രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതികളായ രോഹിത്, നിതിൻ എന്നിവരെ ബൈക്കിൽ കയറ്റി അജ്മീർ റോഡിൽ ഇറക്കിയത് ഇയാളായിരുന്നു.
ഡിസംബർ അഞ്ചിന് തന്റെ വീടിന്റെ സ്വീകരണമുറിയിൽ വച്ചാണ് സുഖ്‌ദേവിന് വെടിയേറ്റത്. സന്ദർശകരായെത്തിയ മൂന്നു പേർ സംസാരത്തിനിടെ പോയിന്റ് ബ്ലാങ്കിൽ വെടിയുതിർക്കുകയായിരുന്നു. സുഖ്‌ദേവിന്റെ അംഗരക്ഷകൻ തിരിച്ചു വെടിവച്ചതിനെ തുടർന്ന് അക്രമികളിൽ ഒരാളും കൊല്ലപ്പെട്ടിരുന്നു. എന്നാൽ രോഹിത് റാത്തോഡും നിതിൻ ഫൗജിയും ഇവിടെ നിന്ന് രക്ഷപെടുകയും ഒളിവിൽ പോവുകയുമായിരുന്നു.
ഗുണ്ടാത്തലവന്മാരായ ഗോൾഡി ബ്രാർ, ലോറൻസ് ബിഷ്‌ണോയി എന്നിവരുമായി അടുത്ത ബന്ധമുള്ളയാളാണ് രോഹിത്. കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയിയുടെ ഗുണ്ടാസംഘം നേരത്തെ ഏറ്റെടുത്തിരുന്നു. കൊലയ്ക്ക് ശേഷം ട്രെയിനിൽ കയറി ആദ്യം ഹിസാറിലേക്കും പിന്നീട് ഉദ്ധംസിങ്ങിനൊപ്പം മണാലിയിലേക്കും പോയതായി ഇവർ പൊലീസിനോട് പറഞ്ഞു.
ഒരു ദിവസം മാണ്ഡിയിലും താമസിച്ചു. മാണ്ഡിയിൽ നിന്ന് ചണ്ഡീഗഡിൽ എത്തിയ മൂന്നുപേരും പൊലീസിന്റെ പിടിയിലാവുകയായിരുന്നു. കൊലയാളികളെ കണ്ടെത്താൻ പൊലീസ് ഒന്നിലധികം സംഘങ്ങളെ രൂപീകരിച്ചിരുന്നു. പിടികൂടാൻ സഹായിക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപ വീതം പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
ശ്രീ രജ്പുത് കർണിസേന സ്ഥാപകനായ ലോകേന്ദ്ര സിങ് കൽവിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് സുഖ്‌ദേവ് സംഘടന വിട്ടത്. തുടർന്നാണ് ശ്രീ രാഷ്ട്രീയ രജ്പുത് കർണിസേന രൂപീകരിച്ചത്.
Adjust Story Font
16