Quantcast

ജമ്മു കശ്‌മീരിലെ കിഷ്ത്വാറിൽ വില്ലേജ് ഡിഫൻസ് ഗ്രൂപ്പ് അംഗങ്ങളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുടെ ഒരു വിഭാഗം ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു

MediaOne Logo

Web Desk

  • Updated:

    2024-11-08 02:57:26.0

Published:

8 Nov 2024 2:50 AM GMT

village defence group_kidnap
X

ഡൽഹി: ജമ്മു കശ്‌മീരിലെ കിഷ്ത്വാർ ജില്ലയിൽ വ്യാഴാഴ്‌ച വൈകുന്നേരം രണ്ട് വില്ലേജ് ഡിഫൻസ് ഗ്രൂപ്പ് (വിഡിജി) അംഗങ്ങളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. 'കശ്മീർ കടുവകൾ' എന്ന് വിളിക്കപ്പെടുന്ന ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുടെ ഒരു വിഭാഗം ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

മൃതദേഹങ്ങളുടെ ഫോട്ടോയും ഭീകരർ പുറത്തുവിട്ടു. കണ്ണുകെട്ടിയ നിലയിലാണ് മൃതദേഹങ്ങളുള്ളത്. ഒഹ്ലി കുന്ത്വാര ഗ്രാമത്തിലെ താമസക്കാരായ നസീർ അഹമ്മദ്, കുൽദീപ് കുമാർ എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല. പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

നസീറും കുൽദീപും കന്നുകാലികളെ മേയ്ക്കാൻ കാട്ടിൽ പോയിരുന്ന സമയത്താണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ, മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവർ കൊലപാതകത്തെ അപലപിച്ചു. 'വീരമൃത്യു വരിച്ച ധീരരായ പുത്രന്മാരുടെ കുടുംബങ്ങളോട് ഞാൻ എൻ്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. എല്ലാ തീവ്രവാദ സംഘടനകളെയും നശിപ്പിക്കാനും ഈ നിഷ്ഠൂരമായ പ്രവൃത്തിക്ക് പ്രതികാരം ചെയ്യാനും ഞങ്ങൾ ഉറച്ചു തീരുമാനിച്ചു. ' ലഫ്റ്റനൻ്റ് ഗവർണർ എക്‌സിൽ കുറിച്ചു.

തീവ്രവാദത്തിനെതിരെ ജമ്മു കശ്‌മീരിലെ വിദൂര മലയോര ഗ്രാമങ്ങളിൽ തദ്ദേശീയരുടെ സ്വയരക്ഷക്കായി സ്ഥാപിതമായ ഒരു സേനയാണ് വില്ലേജ് ഡിഫൻസ് ഫോഴ്‌സ്‌. ഇതിൽ ഗ്രാമവാസികളും പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ഭീകരരെ നേരിടാൻ വിഡിജികൾക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. അതേസമയം, ഭീകരവിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചതിന് പിന്നാലെ വ്യാഴാഴ്‌ച ബാരാമുള്ള, സോപൂർ ജില്ലകളിലും ഏറ്റുമുട്ടൽ ഉണ്ടായിരുന്നു.

Summery: 2 village defence guards kidnapped, killed by terrorists in J&K's Kishtwar

TAGS :

Next Story