മാരത്തോൺ ഓട്ടം പൂർത്തിയാക്കിയ എഞ്ചിനീയറിങ് വിദ്യാര്‍ഥി ഹൃദയാഘാതം മൂലം മരിച്ചു
സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്
പ്രതീകാത്മക ചിത്രം
മധുര: തമിഴ്‌നാട്ടിലെ മധുരയിൽ മാരത്തോൺ ഓട്ടത്തിൽ പങ്കെടുത്ത 20 കാരൻ ഹൃദയാഘാതം മൂലം മരിച്ചു. ഞായറാഴ്ച നടന്ന 'ഉതിരം 2023' രക്തദാന മാരത്തണിൽ പങ്കെടുത്ത കല്ലുറിച്ചി സ്വദേശി ദിനേശ് കുമാറാണ് മരിച്ചത്. ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യനും വാണിജ്യ നികുതി രജിസ്‌ട്രേഷൻ മന്ത്രി പി മൂർത്തിയും ചേർന്നായിരുന്നു മാരത്തൺ ഫ്‌ലാഗ് ഓഫ് ചെയ്തത്.
രാവിലെ തന്നെ മാരത്തൺ വിജയകരമായി പൂർത്തിയാക്കിയ ദിനേശ് ഒരു മണിക്കൂറോളം ആരോഗ്യവാനാണെന്ന് സുഹൃത്തുക്കൾ പറയുന്നു. എന്നാൽ പിന്നീട് അസ്വസ്ഥത തോന്നിയ അദ്ദേഹം വിശ്രമ മുറിയിലേക്ക് പോകുകയായിരുന്നു. കുറച്ച് കഴിഞ്ഞതിന് ശേഷം അപസ്മാരം ബാധിച്ച നിലയിൽ കണ്ടെത്തിയ ദിനേശിനെ സുഹൃത്തുക്കൾ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ ദിനേശിന് ഹൃദയാഘാതമുണ്ടായെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും രാവിലെ 10:45 ന് അദ്ദേഹം മരിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമേ മരണകാരണം വ്യക്തമാകുകയൊള്ളൂവെന്നാണ് പൊലീസ് പറയുന്നത്. മധുരയിലെ ഒരു സ്വകാര്യ കോളേജിൽ എഞ്ചിനീയറിംഗ് കോളജിലെ അവസാന വർഷ വിദ്യാർഥിയാണ് ദിനേശ് കുമാർ.
Adjust Story Font
16