വിദ്വേഷ പ്രസംഗത്തില്‍ മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒരു ദിവസംകൊണ്ട് തെര. കമ്മിഷനിലെത്തിയത് 20,000ത്തോളം പരാതികൾ
ഹിന്ദുക്കൾക്കിടയിൽ മുസ്‌ലിംകൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുക ലക്ഷ്യമിട്ടാണു മോദിയുടെ പരാമർശങ്ങളെന്ന് സംവിധാൻ ബച്ചാവോ നാഗരിക് അഭിയാൻ വിമർശിച്ചു
നരേന്ദ്ര മോദി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിൽ നടത്തിയ വിദ്വേഷപ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതിപ്രളയം. 20,000ത്തോളം പേരാണ് മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് 24 മണിക്കൂറിനിടെ കമ്മിഷന് കത്തെഴുതിയത്. കോൺഗ്രസ്, സി.പി.എം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ഔദ്യോഗികമായി നൽകിയ പരാതിക്കു പുറമെയാണ് വിവിധ സാമൂഹിക പ്രവർത്തകരുടെയും സംഘടനകളുടെയും നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുന്നത്.
ആയിരങ്ങൾ ഒപ്പുവച്ച പരാതികളായും ഒറ്റയ്ക്കും ഇ-മെയിലിലും മറ്റും കമ്മിഷന് പരാതികൾ ലഭിച്ചിട്ടുണ്ട്. മോദിയുടെ പ്രസംഗം ആപൽക്കരമാണെന്നും ഇന്ത്യയിലെ മുസ്‌ലിംകൾക്കെതിരായ നേരിട്ടുള്ള ആക്രമണമാണതെന്നും 2,200ലേറെ പേർ ഒപ്പുവച്ച ഒരു പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വോട്ട് പിടിക്കാനായി മുസ്‌ലിംകൾക്കെതിരെ അധിക്ഷേപ പരാമർശങ്ങളാണു നടത്തിയിരിക്കുന്നത്. ലോകത്തെ ജനാധിപത്യത്തിന്റെ മാതാവെന്ന ഇന്ത്യയുടെ സൽപ്പേരിനാണ് ഇതു കളങ്കം ചാർത്തുന്നതെന്നും പരാതിയിൽ പറഞ്ഞു.
സംവിധാൻ ബച്ചാവോ നാഗരിക് അഭിയാൻ എന്ന എൻ.ജി.ഒ സമർപ്പിച്ച പരാതിയിൽ 17,400ലേറെ പേരാണ് ഒപ്പുവച്ചത്. സാമുദായിക വികാരമുണർത്താൻ മാത്രമല്ല, മുസ്‌ലിംകൾക്കെതിരെ ഹിന്ദുക്കൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിക്കുകകൂടി ലക്ഷ്യമിട്ടാണു പ്രസംഗത്തിലെ പരാമർശങ്ങളെന്ന് സംവിധാൻ ബച്ചാവോ ആരോപിച്ചു. മുസ്‌ലിംകളെ നുഴഞ്ഞുകയറ്റക്കാരാണെന്നും കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നവരാണെന്നുമാണ് പ്രസംഗത്തിൽ ആക്ഷേപിക്കുന്നത്. കോൺഗ്രസ് പ്രകടനപത്രികയിൽ എവിടെയുമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് മോദി കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെയും ജനപ്രാതിനിധ്യ നിയമത്തിന്റെയും പച്ചയായ ലംഘനമാണിതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോദിയുടെ വിവാദ പരാമർശങ്ങൾ. കോൺഗ്രസ് അധികാരത്തിലെത്തിയാൽ സമ്പത്ത് നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും നൽകുമെന്നാണ് മോദി പറഞ്ഞത്. രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികൾ മുസ്ലിംകളാണെന്നാണ് മൻമോഹൻ സിങ് മുൻപ് വ്യക്തമാക്കിയിട്ടുള്ളതെന്നു പറഞ്ഞായിരുന്നു ഇത്തരമൊരു പരാമർശം. സ്ത്രീകളുടെയെല്ലാം സ്വർണാഭരണങ്ങളുടെ കണക്കെടുത്ത് മറ്റുള്ളവർക്ക് വിതരണം ചെയ്യുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിലുണ്ടെന്നും മോദി കള്ളംപറഞ്ഞു. അധ്വാനിച്ചുണ്ടാക്കിയ നിങ്ങളുടെ സമ്പാദ്യമെല്ലാം നുഴഞ്ഞുകഴക്കറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും നൽകണോ എന്ന് ആൾക്കൂട്ടത്തോട് ചോദ്യമെറിയുകയും ചെയ്തു മോദി.
വിവാദ പ്രസംഗത്തിനെതിന് പിന്നാലെ മോദിക്കെതിരെ പ്രതിപക്ഷനേതാക്കൾ രംഗത്തെത്തി. ഭയം കാരണം പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ മോദി ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. മോദി വീണ്ടും വീണ്ടും കള്ളം പറയുകയാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേഡ പറഞ്ഞു. പ്രധാനമന്ത്രിയുടെത് വിഷം നിറഞ്ഞ ഭാഷയാണെന്നും ഭരണഘടനയെ തകർക്കാനുള്ള നീക്കമാണെന്നും ജയറാം രമേശ് വിമർശിച്ചു.
Summary: Over 20,000 citizens write to EC seeking action against PM Narendra Modi for hate speech against Muslim community
Adjust Story Font
16