മുസഫർനഗർ കലാപത്തിനിടെ കൂട്ടബലാത്സംഗം; രണ്ടുപേർ കുറ്റക്കാരെന്ന് കോടതി
വർഗീയ കലാപത്തിനിടെയുള്ള ബലാത്സംഗത്തെ ഒരു പ്രത്യേക കുറ്റമായി അംഗീകരിക്കുന്ന 376(2)(ജി) പ്രകാരം ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ കേസാണ് ഇത്.
മുസഫർനഗർ: 2013-ലെ മുസഫർനഗർ കലാപത്തിനിടെ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ രണ്ടുപേർ കുറ്റക്കാരെന്ന് വിചാരണക്കോടതി കണ്ടെത്തി. ഐ.പി.സി സെക്ഷൻ 376(2)(ജി), 376-ഡി, 506 വകുപ്പുകൾ പ്രകാരം പ്രതികൾ കുറ്റക്കാരാണെന്ന് അഡീഷണൽ ഡിസ്ട്രിക്റ്റ് ജഡ്ജി അഞ്ജലി കുമാർ സിങ് വിധിച്ചു. പ്രതികളായ മഹേഷ് വിർ, സിക്കന്ദർ എന്നിവർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. കേസിലെ മറ്റൊരു പ്രതിയായ കുൽദീപ് വിചാരണക്കിടെ മരിച്ചിരുന്നു. പ്രതികൾക്കുള്ള ശിക്ഷ പിന്നീട് വിധിക്കും.
2013-ലെ കലാപത്തിനിടെ ഏഴ് സ്ത്രീകളാണ് ബലാത്സംഗത്തിന് ഇരയായത്. ഭീഷണിയെ തുടർന്ന് ആറുപേരും പിന്നീട് കേസിൽനിന്ന് പിൻമാറി. എന്നാൽ ഒരു സ്ത്രീ മാത്രം നിയമനടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു. മുതിർന്ന അഭിഭാഷകയായ വൃന്ദ ഗ്രോവർ ആണ് ഇവർക്ക് വേണ്ട നിയമസഹായം നൽകിയത്. അഭിഭാഷകരായ രത്‌ന അപ്പ്‌നെന്ദർ, ദേവിക തുൾസൈനി, സൗതിക് ബാനർജി, മന്നത്ത് തിപ്‌നിസ് എന്നിവരാണ് പരാതിക്കാരിക്ക് വേണ്ടി കോടതിയിൽ ഹാജരായത്.
BREAKING: [2013 Muzaffarnagar riots]
— Live Law (@LiveLawIndia) May 9, 2023
A trial court in UP's Muzaffarnagar CONVICTS 2 accused in a case of gang rape of a 27-year-old woman (now 37) during the 2013 Muzaffarnagar riots under Section 376(2)(g), 376-D and 506 IPC. #MuzaffarnagarRiots pic.twitter.com/WAyOZrLbOi
മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ, അഭിഭാഷക കാമിനി ജയ്സ്വാൾ എന്നിവർ മുഖേന ഏഴു സ്ത്രീകൾ സമർപ്പിച്ച ഹർജിയിൽ 2014 മേയിൽ സുപ്രിംകോടതിയുടെ ഇടപെടൽ മൂലമാണ് പ്രതികൾക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസെടുത്തത്. ഈ വർഷം ഏപ്രിലിൽ, കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ ഗ്രോവർ വീണ്ടും സുപ്രിംകോടതിയെ സമീപിച്ചു. കോടതിയുടെ നിർദേശപ്രകാരം, മുസഫർനഗർ കോടതി കേസ് ദൈനംദിന അടിസ്ഥാനത്തിൽ വാദം കേൾക്കുകയായിരുന്നു.
വർഗീയ കലാപത്തിനിടെയുള്ള ബലാത്സംഗത്തെ ഒരു പ്രത്യേക കുറ്റമായി അംഗീകരിക്കുന്ന 376(2)(ജി) ഐ.പി.സി (2013ലെ ക്രിമിനൽ നിയമ ഭേദഗതി വഴി ചേർത്തത്) പ്രകാരം ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ കേസാണ് ഇത്. ഇരയെ അവരുടെ ഗ്രാമത്തിൽ താമസിച്ചിരുന്ന പ്രതികൾ ചേർന്ന് മർദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നാണ് കേസ്. തയ്യൽക്കാരനായ ഭർത്താവിന്റെ പതിവ് ഇടപാടുകാരായ പ്രതികൾ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ മുറിയിൽ പൂട്ടിയിട്ടാണ് അമ്മയെ ക്രൂരമായി ബലാത്സംഗം ചെയ്തത്.
Adjust Story Font
16