2020 ഡൽഹി കലാപം: അഷ്ഫാഖ് -സാകിർ വധത്തിൽ നാല് പ്രതികളെയും കോടതി വെറുതെ വിട്ടു
അഡീഷണൽ സെഷൻസ് ജഡ്ജി പുലസ്ത്യ പ്രേമചാലയാണ് അശോക്, അജയ്, ശുഭം, ജിതേന്ദർ കുമാർ എന്നിവരെ വെറുതെവിട്ടത്
ന്യൂഡൽഹി:2020ലെ വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിനിടെ രണ്ടുപേരെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ നാലുപേരെ കോടതി വെറുതെവിട്ടു, പ്രതികൾ കലാപകാരികളായ ജനക്കൂട്ടത്തിന്റെ ഭാഗമാണെന്നതിന് തെളിവുകളൊന്നുമില്ലെന്ന് പറഞ്ഞാണ് നടപടി. കലാപത്തിനിടെ, 2020 ഫെബ്രുവരി 25ന് അഷ്ഫാഖ് ഹുസൈൻ, സാകിർ എന്നിവർ കൊല്ലപ്പെട്ട കേസിലാണ് വിധി. ഇതുമായി ബന്ധപ്പെട്ട് രാജിസ്റ്റർ ചെയ്ത രണ്ടു കേസുകൾ കേട്ട അഡീഷണൽ സെഷൻസ് ജഡ്ജി പുലസ്ത്യ പ്രേമചാലയാണ് അശോക്, അജയ്, ശുഭം, ജിതേന്ദർ കുമാർ എന്നിവരെ വെറുതെവിട്ടത്. കൊലപാതകത്തിൽ പ്രതികളിലൊരാൾക്കും പങ്കുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ച രണ്ട് വ്യത്യസ്ത ഉത്തരവുകളിൽ കോടതി പറഞ്ഞു.
സംഭവം നടന്ന സമയത്തും സ്ഥലത്തും പ്രതികൾ കലാപകാരികൾക്കൊപ്പമുണ്ടായിരുന്നുവെന്ന് തെളിയിക്കാനായില്ലെന്നും ദൃക്‌സാക്ഷികൾ പ്രോസിക്യൂഷൻ വാദത്തെ അനുകൂലിക്കുന്നിലെന്നും കോടതി പറഞ്ഞു. സംഭവത്തിനിടെയുള്ള കോൾ ഡിറ്റൈൽസ് റെക്കോർഡ് (സി.ഡി.ആർ), വാളുകൾ, കത്രിക, പ്രതികൾ ധരിച്ച വസ്ത്രം എന്നിവ കണ്ടെത്തിയിരുന്നു. എന്നാൽ സിഡിആറിന്റെ മാത്രം അടിസ്ഥാനത്തിൽ ഒരാൾ നിർണിത സ്ഥലത്തുണ്ടായിരുന്നുവെന്ന് തീർച്ചയാക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. വാളിലും കത്രികയിലും കൊല്ലപ്പെട്ടവരുരെ രക്തക്കറയുണ്ടായിരുന്നില്ലെന്നും വസ്ത്രങ്ങളിലെ രക്തക്കറ കണ്ടെത്താൻ ഫോറൻസിക് പരിശോധന നടത്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ സാന്നിധ്യം തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കിയിട്ടില്ലെന്നും കലാപകാരികൾക്കിടയിൽ കുറ്റാരോപിതരുടെ സാന്നിധ്യം തെളിയിക്കുന്ന സാഹചര്യത്തെളിവുകൾ പോലുമില്ലെന്നും കോടതി പറഞ്ഞു. ദയാൽപൂർ പൊലീസ് സ്‌റ്റേഷനിലാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
Adjust Story Font
16