യു.പിയിൽ വിദ്യാർത്ഥിനിയെ ബൈക്കിലെത്തിയ സംഘം പട്ടാപ്പകൽ വെടിവച്ചുകൊന്നു
ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ റോഷ്‌നി ആഹിർവാറാണ്(21) കൊല്ലപ്പെട്ടത്
ലഖ്‌നൗ: ഉത്തർപ്രദേശിൽ പട്ടാപ്പകൽ വിദ്യാർത്ഥിനിയെ വെടിവച്ചുകൊന്നു. സമാജ്‌വാദി പാർട്ടി മുൻ എം.പി അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകങ്ങൾക്കു പിന്നാലെ പ്രഖ്യാപിച്ച നിരോധനാജ്ഞ നിലനിൽക്കെയാണ് ജലാവൂൻ ജില്ലയിൽ ക്രൂരമായ കൊലപാതകം നടന്നത്. ബിരുദ വിദ്യാർത്ഥിനിയായ റോഷ്‌നി ആഹിർവാറാണ്(21) കൊല്ലപ്പെട്ടത്.
കോട്‌വാലിയിലെ രാം ലഖാൻ പട്ടേൽ കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് റോഷ്‌നി. കോളജിൽ പരീക്ഷ കഴിഞ്ഞു മടങ്ങുംവഴിയാണ് ബൈക്കിലെത്തിയ അക്രമിസംഘം പെൺകുട്ടിയെ വെടിവച്ചുവീഴ്ത്തിയത്. തലയ്ക്കാണ് വെടിയേറ്റത്. പെൺകുട്ടി തൽക്ഷണം തന്നെ മരിച്ചതായി നാട്ടുകാർ പറയുന്നു.
യു.പിയിലെ അന്ധ സ്വദേശിയായ മാൻ സിങ് ആഹിർവാറിന്റെ മകളാണ് റോഷ്‌നി. പരീക്ഷ കഴിഞ്ഞ് കോട്ര വഴി നാട്ടിലേക്കു മടങ്ങുംവഴിയാണ് പൾസർ ബൈക്കിൽ അക്രമികളെത്തിയത്. രണ്ടുപേരാണ് ബൈക്കിലുണ്ടായിരുന്നതെന്നാണ് വിവരം. ഇതിൽ ഒരാൾ കുട്ടിയുടെ തലയ്ക്കു വെടിവയ്ക്കുകയായിരുന്നു. കോട്‌വാലിയിലെ പൊലീസ് സ്റ്റേഷന് വെറും 200 മീറ്റർ ദൂരത്തിലാണ് സംഭവം.
കൃത്യത്തിനു പിന്നാലെ അക്രമികൾ ബൈക്കിൽ രക്ഷപ്പെടുകയും ചെയ്തു. നാട്ടുകാർ പിന്തുടർന്നെങ്കിലും ഇവരെ പിടികൂടാനായിട്ടില്ല. ആക്രമണം നടത്തിയ തോക്ക് സ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വിദ്യാർത്ഥിനിയുടെ കൊലപാതകത്തിനു പിന്നാലെ മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
Summary: 21-yr-old college student shot dead in broad daylight at UP's Jalaun
Adjust Story Font
16