കൂട്ടബലാത്സംഗ പരാതി നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടല്‍ പതിവാക്കിയ യുവതി അറസ്റ്റില്‍
വ്യാഴാഴ്ച സിറ്റി കോടതിയിൽ ഹാജരാക്കിയ യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചതായി പൊലീസ് പറഞ്ഞു
പ്രതീകാത്മക ചിത്രം
ഗുരുഗ്രാം: രണ്ടു പേര്‍ ചേര്‍ന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തുവെന്ന് വ്യാജ ആരോപണം നടത്തി പൊലീസില്‍ പരാതി നല്‍കിയ യുവതി അറസ്റ്റില്‍. പരാതി പിന്‍വലിക്കാന്‍ യുവാക്കളില്‍ നിന്നും 22 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
നോയിഡ ആസ്ഥാനമായുള്ള ഒരു സ്വകാര്യ മീഡിയ മാനേജ്‌മെന്‍റ് കമ്പനിയിൽ വെബ് ഡിസൈനറായി ജോലി ചെയ്യുന്ന 22 കാരിയാണ് അറസ്റ്റിലായത്. വ്യാഴാഴ്ച സിറ്റി കോടതിയിൽ ഹാജരാക്കിയ യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചതായി പൊലീസ് പറഞ്ഞു. മാർച്ച് 17 ന് സെക്ടർ 53 പൊലീസ് സ്റ്റേഷനിൽ രണ്ട് പുരുഷന്മാർക്കെതിരെ യുവതി ബലാത്സംഗ പരാതി നൽകിയിരുന്നു. തന്നെ സെക്ടർ 53 ഏരിയയിലെ ഒരു പിജിയിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാരോപിച്ചാണ് ഫേസ്ബുക്ക് സുഹൃത്തിനും കൂട്ടാളിക്കുമെതിരെ യുവതി പരാതി നൽകിയത്.
ഡൽഹിയിലെ രോഹിണിയിലെ അമൻ വിഹാർ പൊലീസ് സ്‌റ്റേഷനിലും നേരത്തെ യുവതി സമാനമായ പരാതി നൽകിയിട്ടുണ്ട്. തുടര്‍ന്ന് യുവാക്കളെ ഫോണില്‍ വിളിച്ച് കേസ് പിന്‍വലിക്കണമെങ്കില്‍ രണ്ടു ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. കേസില്‍ പെട്ട യുവാക്കളില്‍ ഒരാളുടെ സഹോദരന്‍ പണം നല്‍കി. എന്നാല്‍ വീണ്ടും നാലു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെ യുവാക്കള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയുടേത് വ്യാജ പരാതിയാണെന്ന് മനസിലാക്കുകയും സെക്ടർ 53 പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഇൻസ്പെക്ടർ അമിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നെന്ന് ഈസ്റ്റ് ഡിസിപി വീരേന്ദർ വിജ് പറഞ്ഞു.സിആർപിസി സെക്ഷൻ 164 പ്രകാരം മൊഴി രേഖപ്പെടുത്തുന്നതിനായി യുവതിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ മൊഴി പിൻവലിച്ചതായി പൊലീസ് അറിയിച്ചു.യുവതിക്കെതിരെ ഐപിസി സെക്ഷൻ 384 (കൊള്ളയടിക്കൽ), 385, 389 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Adjust Story Font
16