പഞ്ചാബിൽ പട്ടാപ്പകൽ യുവാവിനെ കഴുത്തറുത്ത് കൊന്നു
ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസെവാലയുടെ കൊലപാതകത്തിനു പിന്നാലെയാണ് സംസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു കൊലപാതകം റിപ്പോർട്ട് ചെയ്യുന്നത്
ചണ്ഡിഗഢ്: പഞ്ചാബിൽ പട്ടാപ്പകൽ യുവാവിനെ കഴുത്തറുത്ത് കൊന്നു. മോഗയിലെ ബദനി കാളനിലുള്ള മാർക്കറ്റിലാണ് സംഭവം. ദേശ് രാജ് എന്ന 25 വയസുകാരനാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. നഗരത്തിലെ തിരക്കേറിയ മാർക്കറ്റിലെ നടുറോട്ടില്‍ ജനങ്ങളുടെ കൺമുന്നിലാണ് അക്രമിസംഘം യുവാവിനെ വെട്ടിനുറുക്കിയത്. രണ്ട് ബൈക്കുകളാണ് ആറുപേരടങ്ങുന്ന അക്രമിസംഘം എത്തിയത്. വാളുകളുമായി യുവാവിനു പിന്നാലെയോടി വെട്ടി കഴുത്തറുക്കുകയായിരുന്നു. കൊല നടത്തി സംഘം രക്ഷപ്പെടുകയും ചെയ്തു. യുവാവിനെ നാട്ടുകാർ ചേർന്ന് ഉടൻ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴുത്ത് പൂർണമായും ഛേദിക്കപ്പെട്ട നിലയിലായിരുന്നുവെന്ന് അഡീഷനൽ പൊലീസ് സുപ്രണ്ട് സർഫ്രാസ് ആലം പറഞ്ഞു. കാലും മുറിഞ്ഞിരുന്നു. രക്തം വാർന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് എ.എസ്.പി അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസെവാലയുടെ കൊലപാതകത്തിനു പിന്നാലെയാണ് സംസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു കൊലപാതകം റിപ്പോർട്ട് ചെയ്യുന്നത്. ദിവസങ്ങള്‍ക്കുമുന്‍പ് മോഗയില്‍ തന്നെ മറ്റൊരു 25കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നിരിക്കുകയാണെന്ന് തുടരെയുള്ള സംഭവങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
Summary: A 25-year-old man hacked to death in crowded market in Punjab
Adjust Story Font
16