'നാലു വർഷത്തിനിടെ രാജ്യത്ത് നടന്നത് 2,900 വർഗീയ കലാപങ്ങള്‍'; രാജ്യസഭയിൽ കേന്ദ്രസർക്കാർ
ആൾക്കൂട്ട ആക്രമണങ്ങൾ തടയാനും വ്യാജ വാർത്തകളുടെ പ്രചാരണം അവസാനിപ്പിക്കാനും സംസ്ഥാന-കേന്ദ്ര ഭരണപ്രദേശ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിരുന്നുവെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ റായ്
ന്യൂഡൽഹി: കഴിഞ്ഞ നാലു വർഷത്തിനിടെ രാജ്യത്ത് നടന്നത് 3,000ത്തോളം വർഗീയ കലാപങ്ങള്‍. 2017നും 2021നും ഇടയിൽ 2,900 സാമുദായിക, മത ലഹളകളാണ് രജിസ്റ്റർ ചെയ്തത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പാർലമെന്റിൽ അറിയിച്ചതാണ് ഇക്കാര്യം.
നാഷനൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രി റിപ്പോർട്ട് അവതരിപ്പിച്ചത്. 2017ൽ 723 വർഗീയ കലാപങ്ങൾ രാജ്യത്ത് നടന്നതായാണ് ഔദ്യോഗിക രേഖകളിലുള്ളത്. 2018ൽ 512ഉം 2019ൽ 857ഉം 2020ൽ 857ഉം 2021ൽ 378ഉം സംഭവങ്ങളും റിപ്പോർട്ട് ചെയ്തു.
ആൾക്കൂട്ട ആക്രമണങ്ങൾ തടയാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ 2018 ജൂലൈ 23നും സെപ്റ്റംബർ 25നും സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നിർദേശം നൽകിയിരുന്നെന്നും രാജ്യസഭയിലെ ഒരു ചോദ്യത്തിനുള്ള മറുപടിയിൽ മന്ത്രി അറിയിച്ചു. വർഗീയലഹളകൾക്കിടയാക്കാനിടയുള്ള തരത്തിൽ വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കാൻ 2018 ജൂലൈ നാലിനും നിർദേശമിറക്കിയിരുന്നു. നിയമം കൈയിലെടുക്കുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളാനും ആവശ്യപ്പെട്ടിരുന്നുവെന്നും മന്ത്രി അറിയിച്ചു.
Summary: Over 2,900 cases of communal or religious rioting were registered in the country between 2017 and 2021: Union Minister of State for Home Nityanand Rai said in a written response to a question in Rajya Sabha.
Adjust Story Font
16