"മൂന്ന് കോടി ദരിദ്ര കുടുംബങ്ങളെ കേന്ദ്രസർക്കാർ ലക്ഷപ്രഭുക്കളാക്കി" : പ്രധാനമന്ത്രി
രാജ്യത്ത് മൂന്ന് കോടി ദരിദ്ര കുടുംബങ്ങളെ തന്റെ സർക്കാർ ലക്ഷപ്രഭുക്കളാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി കൃത്യമായി നടപ്പാക്കിയത് വഴി ഓരോ ഗുണഭോക്താവിനും രണ്ടര ലക്ഷം രൂപ നൽകിയെന്ന് അദ്ദേഹം പറഞ്ഞു.2014 ന് ശേഷം സർക്കാർ ഒരു കോടി പതിമൂന്ന് ലക്ഷം വീടുകൾ നിർമ്മിച്ച് നൽകിയെന്നും പ്രധാനമന്ത്രി അറിയിച്ചു.
"ആസാദി @ 75 - പുതിയ നാഗരിക ഇന്ത്യ നാഗരിക ഭൂപ്രകൃതിയുടെ പരിവർത്തനം" എന്ന തലക്കെട്ടിൽ ഉത്തർ പ്രദേശ് തലസ്ഥാനമായ ലഖ്നോവിൽ നടന്ന സമ്മേളനവും എക്സിബിഷനും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ കാലയളവിൽ മൂന്നുകോടി ജനങ്ങൾ പ്രധാനമന്ത്രി ആവാസ യോജനയിലൂടെ ലക്ഷപ്രഭുക്കളായി. ഓരോ വീടിനും എത്ര വില വരുമെന്ന് ആലോചിച്ച് നോക്കിയാൽ മതി. എന്നിട്ടും പ്രതിപക്ഷം തന്നെ ലക്ഷ്യമിടുകയാണ്. യോജന പ്രകാരം നൽകിയ വീടുകളിൽ 80 ശതമാനത്തിന്‍റെയും ഉടമകളോ സഹഉടമകളോ സ്ത്രീകളാണ് -മോദി പറഞ്ഞു.
മുൻപ് കേന്ദ്രം ഭരിച്ച യു.പി.എ സർക്കാരിനെയും സംസ്ഥാനം ഭരിച്ച സമാജ്‌വാദി പാർട്ടി സർക്കാരിനെയും അദ്ദേഹം വിമർശിച്ചു. പാവപ്പെട്ടവർക്കുള്ള പാർപ്പിട പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കാൻ അവർക്കായില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
Adjust Story Font
16