Quantcast

ഹോട്ട്സ്​പോട്ട് ഷെയർ ചെയ്യാത്തതിന് യുവാവിനെ അടിച്ചുകൊന്നു; പൂനെയിൽ 3 വിദ്യാർഥികൾ അടക്കം 4 പേർ അറസ്റ്റിൽ

പുലർച്ചെ രണ്ടുമണിയോടെ ഫുട്പാത്തിൽ രക്തത്തിൽ കുളിച്ചൊരാൾ കിടക്കുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചു

MediaOne Logo

Web Desk

  • Updated:

    2024-09-03 10:22:12.0

Published:

3 Sep 2024 7:37 AM GMT

ഹോട്ട്സ്​പോട്ട് ഷെയർ ചെയ്യാത്തതിന് യുവാവിനെ അടിച്ചുകൊന്നു; പൂനെയിൽ  3 വിദ്യാർഥികൾ അടക്കം 4 പേർ അറസ്റ്റിൽ
X

പുനെ: മൊബൈൽ ഹോട്ട്സ്​പോട്ട് പങ്കുവെക്കാത്തതിന് പൂനെയിൽ യുവാവിനെ അടിച്ചും കുത്തിയും കൊന്ന സംഭവത്തിൽ 3 വിദ്യാർഥികൾ അടക്കം 4 പേർ അറസ്റ്റിൽ. ഫിനാൻസ് ഏജൻസി ജീവനക്കാരനായ ഹദാപ്സർ ഉത്കർഷനഗർ സ്വദേശിയായ വസുദേവ രാമചന്ദ്ര കുൽക്കർണി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 20 വയസുകാരനും പ്രായപൂർത്തിയാകാത്ത 3 വിദ്യാർഥികളുമാണ് അറസ്റ്റിലായിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ബാങ്കുകളിൽ നിന്ന് ലോണുകൾ തരപ്പെടുത്തി നൽകുന്ന സ്വകാര്യ ഫിനാൻസ് ഏജൻസി​യിലെ ജീവനക്കാരനാണ് കുൽക്കർണി. അത്താഴത്തിന് ശേഷം രാത്രി 10.30 ഓടെ പതിവ് നടത്തത്തിന് ഇറങ്ങിയതാണ് കുൽക്കർണി. എന്നാൽ പതിവ് സമയം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടർന്ന് സഹോദരൻ പൊലീസിൽ പരാതി നൽകി. പുലർച്ചെ രണ്ടുമണിയോടെ ഫുട്ട്പാത്തിൽ രക്തത്തിൽ കുളിച്ചൊരാൾ കിടക്കുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചു. ഉടനെ ആശു​പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ടത് കുൽക്കർണിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

ഇതിന് പിന്നാലെ ഹദാപ്‌സർ പ്രദേശത്ത് നിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അവരിൽനിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വെറ്റൽ ബാബ വസഹട്ടിൽ താമസിക്കുന്ന 20 കാരനായ മയൂർ ഭോസാലെയെ കസ്റ്റഡിയിലെടുത്തു.

തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് കൊലപാതക വിവ​രം പുറത്തുവരുന്നത്. കുൽക്കർണിയോട് മൊബൈൽ ഫോണിൽ നിന്ന് ഹോട്ട്‌സ്‌പോട്ട് ഷെയർ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹമത് നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് വാക്ക് തർക്കമുണ്ടായി. മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് തങ്ങൾ ​അദ്ദേഹത്തെ അക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കസ്റ്റഡിയിലെടുത്ത നാല് പേരും സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

TAGS :

Next Story