Quantcast

അമ്മയ്ക്ക് പ്രസവാവധി നിഷേധിച്ചു; കോടതിയെ സമീപിച്ച് മൂന്നു മാസം പ്രായമായ കുഞ്ഞ്

ഹരജി അടിയന്തരമായി പരിഗണിച്ച ഡൽഹി ഹൈക്കോടതി ബെഞ്ച് അമിക്കസ് ക്യൂറിയെ നിയമിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    5 May 2022 4:25 PM GMT

അമ്മയ്ക്ക് പ്രസവാവധി നിഷേധിച്ചു; കോടതിയെ സമീപിച്ച് മൂന്നു മാസം പ്രായമായ കുഞ്ഞ്
X

ന്യൂഡൽഹി: അമ്മയ്ക്ക് പ്രസവാവധി നിഷേധിച്ച നഗരസഭാ അധികൃതർക്കെതിരെ കോടതിയെ സമീപിച്ച് മൂന്നു മാസം പ്രായമായ കുഞ്ഞ്. നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷനെ(എൻ.ഡി.എം.സി)തിരെയാണ് കുഞ്ഞ് ഹരജി നൽകിയതെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. ഹരജി അടിയന്തരമായി പരിഗണിച്ച ഡൽഹി ഹൈക്കോടതി ബെഞ്ച് വിഷയത്തിൽ കോടതിയെ സഹായിക്കാനായി അമിക്കസ് ക്യൂറിയെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.

ഡൽഹി സ്വദേശിയായ മൂന്നു മാസം പ്രായമുള്ള ട്രിഗ്യാൻഷ് ജെയിൻ ആണ് എൻ.ഡി.എം.സിക്കെതിരെ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. അനുജ് ജെയിൻ ആണ് പരാതിക്കാരനു വേണ്ടി ഹാജരായത്. ഭരണഘടനയുടെ 14-ാം വകുപ്പും(നിയമത്തിനു മുന്നിലെ തുല്യത), 21-ാം വകുപ്പും(ജീവനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള സംരക്ഷണം) ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

ജസ്റ്റിസുമാരായ നജ്മി വസീറി, സ്വർണ കാന്ത ശർമ എന്നിവർ അംഗങ്ങളായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കുട്ടിയുടെ പ്രായം പരിഗണിച്ച് വിഷയത്തിന് അടിയന്തര പ്രാധാന്യമുണ്ടെന്ന് നിരീക്ഷിച്ച ബെഞ്ച് അഭിഭാഷകനായ ഷാറൂഖ് ആലമിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു. പൂർണമായും അമ്മയുടെ മുലപ്പാലിനെ മാത്രം ആശ്രയിച്ചാണ് കഴിയുന്നതെന്നതിനാൽ കുട്ടിയുടെ അവകാശമാണ് ഹനിക്കപ്പെട്ടിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.

കേന്ദ്ര സിവിൽ സർവീസ്(അവധി) ചട്ടപ്രകാരമാണ് കുട്ടിയുടെ അമ്മയ്ക്ക് അവധി നിഷേധിച്ചതെന്നാണ് എൻ.ഡി.എം.സിക്കു വേണ്ടി ഹാജരായ അഭിഭാഷകർ വിശദീകരിച്ചത്. നിയമം അനുസരിച്ച് ജീവിച്ചിരിക്കുന്ന രണ്ടിൽ താഴെ മക്കളുള്ളവർക്കു മാത്രമേ അവധി അനുവദിക്കാൻ സർക്കാർ സ്ഥാപനത്തിന് ബാധ്യതയുള്ളൂവെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ, പരാതിക്കാരനായ കുഞ്ഞ് അമ്മയുടെ മൂന്നാമത്തെ കുട്ടിയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

Summary: 3 months old toddler moves Delhi High Court as North Delhi Municipal Corporation(NDMC) denies maternity leave to mother

TAGS :

Next Story