പാർലമെന്റിൽ വീണ്ടും സസ്പെൻഷൻ; മൂന്ന് പ്രതിപക്ഷ അംഗങ്ങളെ കൂടി സസ്പെൻഡ് ചെയ്തു
ലോക്സഭയിൽ നിന്ന് മാത്രം സസ്പെൻഡ് ചെയ്യപ്പെട്ടവർ നൂറായി
ന്യൂഡല്‍ഹി: ലോക്സഭയിൽ വീണ്ടും സസ്പെൻഷൻ. മൂന്ന് പ്രതിപക്ഷ അംഗങ്ങളെ കൂടി സസ്പെൻഡ് ചെയ്തു. ഇതോടെ ഈ സഭാ സമ്മേളനകാലയളവിൽ സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം 146 ആയി. ലോക്സഭയിൽ നിന്ന് മാത്രം സസ്പെൻഡ് ചെയ്യപ്പെട്ടവർ നൂറായി.
പാർലമെന്റ് അതിക്രമത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് എം.പിമാർ പ്രതിഷേധിച്ചത്. നേരത്തെ മലയാളികളടക്കമുള്ള എം.പിമാരെയാണ് ലോക്സഭയിൽ നിന്നും രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്തത്.
ഇതിനിടെ, ലോക്‌സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട എം.പിമാർക്ക് കൂടുതൽ വിലക്കേർപ്പെടുത്തിയിരുന്നു. പാർലമെന്റ് ചേംബർ, ലോബി, ഗാലറി എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയത്. ഇത് സംബന്ധിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റ് സർക്കുലർ ഇറക്കി.
അതേസമയം, പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ പുകയാക്രമണത്തിൽ പ്രസ്താവന നടത്തില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. വിഷയത്തിൽ ലോക്‌സഭാ സ്പീക്കർ വിശദീകരണം നൽകിയിട്ടുണ്ട്. കൂടുതൽ വിശദീകരണത്തിന്റെ ആവശ്യമില്ലെന്നാണ് കേന്ദ്രം പറയുന്നത്. വിഷയത്തെ പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കുകയാണെന്നും കേന്ദ്രസർക്കാർ ആരോപിക്കുന്നു.
Adjust Story Font
16