മൂന്നംഗ സംഘം വാന്‍ മോഷ്ടിച്ചു, ഓടിക്കാനറിയാത്തതിനാല്‍ 10 കി.മീ തള്ളി, പിന്നീട് സംഭവിച്ചത്...
ബിടെക് വിദ്യാര്‍ഥി ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്
പ്രതീകാത്മക ചിത്രം
കാണ്‍പൂര്‍: വിദ്യാര്‍ഥികളായ മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് വാഹനം മോഷ്ടിക്കാന്‍ പദ്ധതിയിട്ടു. എന്നിട്ട് ആ വാഹനം മറിച്ചുവിറ്റ് പണമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. മൂന്നു പേരും കൂടി ഒരു മാരുതി വാനാണ് മോഷ്ടിച്ചത്. അപ്പോഴാണ് അവർ ആ യാഥാര്‍ഥ്യം ഓര്‍മിച്ചത്. മൂന്നു പേര്‍ക്കും ഡ്രൈവിങ് അറിയില്ല!
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മെയ് 7നാണ് സംഭവം നടന്നത്. ദബൗലിയില്‍ നിന്നാണ് മൂന്നംഗ സംഘം വാൻ മോഷ്ടിച്ചത്. വണ്ടി ആരുമറിയാതെ കടത്തിക്കൊണ്ടുപോവാന്‍ ഒരു വഴിയുമില്ല. മോഷ്ടിച്ചതായതിനാല്‍ നാലാമനെ സഹായത്തിനു വിളിക്കുന്നത് റിസ്കാണ്. ഒടുവില്‍ മൂന്നു പേരും ചേര്‍ന്ന് വാന്‍ തള്ളിക്കൊണ്ടുപോകാന്‍ തീരുമാനിച്ചു.
രാത്രിയില്‍ 10 കിലോമീറ്ററോളം മൂവരും വാനും തള്ളി നടന്നു. ദബൗലിയില്‍ നിന്നും കല്യാണ്‍പൂരിലെത്തി. സ്വാഭാവികമായും തളര്‍ന്നു. ഇനി തള്ളാന്‍ വയ്യെന്ന അവസ്ഥയായി. ഒടുവില്‍ വാന്‍ ഒളിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചു. വണ്ടിയുടെ നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റി ആളൊഴിഞ്ഞ ഭാഗത്ത് വാന്‍ നിര്‍ത്തിയിട്ട് സ്ഥലം വിട്ടു. പക്ഷെ പൊലീസ് മോഷ്ടാക്കളെ പിടികൂടി.
സത്യം കുമാര്‍, അമന്‍ ഗൗതം, അമിത് വര്‍മ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് എ.സി.പി ഭേജ് നാരായണ്‍ സിങ് പറഞ്ഞു. സത്യം കുമാര്‍ മഹാരാജ്പുര്‍ എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥിയാണ്. അമന്‍ ഡി.ബി.എസ് കോളജിലെ ബികോം വിദ്യാര്‍ഥിയാണ്. അമിതിന് എന്തോ ജോലിയുണ്ട്. അമിത് ആണ് മോഷണത്തിന് പദ്ധതി തയ്യാറാക്കിയതെന്ന് എ.സി.പി പറഞ്ഞു. മോഷ്ടിച്ച വാഹനങ്ങള്‍ വില്‍ക്കാന്‍ സത്യം കുമാര്‍ ഒരു വെബ്‌സൈറ്റ് നിര്‍മിച്ചിരുന്നു. നേരിട്ട് വാഹനം വില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ വെബ്‌സൈറ്റിലൂടെ വാഹനം വില്‍ക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് എ.സി.പി പറഞ്ഞു.
Summary- Three thieves in Kanpur who couldn't drive off in a van that they had stolen as none of them knew how to drive.
Adjust Story Font
16