വീട്ടിൽ ശൗചാലയമില്ല; പ്രാഥമിക കൃത്യത്തിന് പുറത്തുപോയ മൂന്ന് സ്ത്രീകൾ മണ്ണിടിച്ചിലിൽ കൊല്ലപ്പെട്ടു
പൊലീസിനെയും ബിസിസിഎല്ലിന്റെ മൈൻ റെസ്‌ക്യൂ ടീമിനെയും വിവരമറിയിച്ചെങ്കിലും മണിക്കൂറുകൾക്ക് ശേഷമാണ് സ്ഥലത്തെത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു
പട്ന: ഝാർഖണ്ഡിലെ ധൻബാദ് ജില്ലയിൽ കൽക്കരി കമ്പനിയായ ഭാരത് കോക്കിംഗ് കോൾ ലിമിറ്റഡിന്റെ (ബിസിസിഎൽ) കോളിയറി ഏരിയയിൽ മണ്ണിടിച്ചിലിൽ മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടു. മൻവാ ദേവി (60), പർള ദേവി (55), താണ്ടി ദേവി (55) എന്നിവരാണ് മരിച്ചത്.
വീട്ടിൽ ശൗചാലയമില്ലാത്തതിനാൽ പ്രാഥമിക കൃത്യം നിർവഹിക്കാൻ പുറത്ത് പോയപ്പോഴാണ് അപകടം നടന്നത്. റോഡിലൂടെ നടന്നുപോകുന്ന സമയത്ത് പെട്ടന്ന് മണ്ണിടിച്ചിലുണ്ടായെന്നും സ്ത്രീകളിലൊരാൾ 30 അടിയോളമുള്ള കുഴിയിലേക്ക് വഴുതി വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ടുപേരും അതിൽ വീഴുകയായിരുന്നെന്നും പ്രദേശവാസികൾ പറഞ്ഞതായി എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പൊലീസിനെയും ബിസിസിഎല്ലിന്റെ മൈൻ റെസ്‌ക്യൂ ടീമിനെയും വിവരമറിയിച്ചെങ്കിലും ഇവർ മണിക്കൂറുകൾക്ക് ശേഷമാണ് സ്ഥലത്തെത്തിയതെന്നും നാട്ടുകാർ ആരോപിച്ചു.
അപകടത്തിന് പിന്നിൽ ബിസിസിഎല്ലിന്റെ അശ്രദ്ധയാണെന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ശരിയായി പുനരധിവസിപ്പിക്കാത്തതാണ് ദുരന്തത്തിന് കാരണമെന്നും നാട്ടുകാർ പറഞ്ഞു. കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ ആരംഭിക്കുമെന്ന് ധൻബാദ് സർക്കിൾ ഓഫീസർ പ്രശാന്ത് കുമാർ ലായക് പറഞ്ഞു.
Adjust Story Font
16