ബിസ്‌കറ്റ് ഫാക്ടറിയിലെ യന്ത്രത്തിൽ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം
മെഷീൻ ബെൽറ്റിൽനിന്ന് ബിസ്‌കറ്റ് എടുക്കാൻ ശ്രമിക്കവെ കുട്ടി ഇതിൽ കുടുങ്ങുകയായിരുന്നു.
മുംബൈ: മഹാരാഷ്ട്രയിൽ ബിസ്‌കറ്റ് ഫാക്ടറിയിലെ മെഷീൻ ബെൽറ്റിൽ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം. താനെ ജില്ലയിലെ അംബർനാഥിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. ആയുഷ് ചൗഹാൻ എന്ന കുഞ്ഞാണ് മരിച്ചത്.
ആനന്ദ് നഗറിലെ എംഐഡിസിയിലെ രാധേകൃഷ്ണ ബിസ്‌കറ്റ് കമ്പനിയിൽ അമ്മ പൂജയ്ക്കൊപ്പം എത്തിയതായിരുന്നു കുട്ടി. ഇതിനിടെ മെഷീൻ ബെൽറ്റിൽനിന്ന് ബിസ്‌കറ്റ് എടുക്കാൻ ശ്രമിക്കവെ കുട്ടി ഇതിൽ കുടുങ്ങുകയായിരുന്നു.
ഉടൻ തന്നെ മെഷീൻ ഓഫ് ചെയ്ത ഫാക്ടറി ജീവനക്കാർ, ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പുറത്തെടുത്ത് സെൻട്രൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നതായി ശിവാജി നഗർ പൊലീസ് സ്റ്റേഷനിലെ സീനിയർ ഉദ്യോഗസ്ഥൻ അശോക് ഭഗത് പറഞ്ഞു.
പ്രദേശത്തെ ഫാക്ടറികളിലെ തൊഴിലാളികൾക്ക് ഭക്ഷണം ഉണ്ടാക്കി വിറ്റാണ് തകുർപാദ സ്വദേശിനിയായ പൂജ ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. തിങ്കളാഴ്ച രാവിലെ 8.30ഓടെ ഫാക്ടറിയിൽ മകനൊപ്പം ഭക്ഷണം വിതരണം ചെയ്യാൻ എത്തിയതായിരുന്നു പൂജ. ഇതിനിടെ കുട്ടി, മെഷീനിൽ ബിസ്‌കറ്റുകൾ കണ്ട് അതിലൊന്ന് എടുക്കാൻ തുനിയുകയും അപകടത്തിൽപ്പെടുകയുമായിരുന്നു.
കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ശിവാജി നഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തതായും അന്വേഷണം നടക്കുന്നതായും ഉദ്യോഗസ്ഥൻ അറിയിച്ചു. പൂജാ കുമാരിയുടെ ഏക മകനാണ് ആയുഷ്.
Adjust Story Font
16