Quantcast

നീറ്റ് ക്രമക്കേട്: ചോദ്യപേപ്പറിനായി വിദ്യാർഥികളിൽനിന്ന് ഈടാക്കിയത് 30 ലക്ഷം

ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിൽ ‘സോൾവർ ഗ്യാങ്ങെ’ന്ന് സംശയം

MediaOne Logo

Web Desk

  • Published:

    15 Jun 2024 1:45 PM GMT

neet exam
X

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും നിരവധി വിദ്യാർഥികളുടെ സ്വപ്നങ്ങളെയാണ് തച്ചുടച്ചത്. പരീക്ഷ വീണ്ടും നടത്തണമെന്ന് വിദ്യാർഥികളും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെടുന്നുണ്ട്. പക്ഷെ, ക്രമക്കേടുകൾ നടന്നിട്ടില്ലെന്ന മട്ടിലാണ് കേന്ദ്ര സർക്കാർ. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നിരവധി പേരാണ് വിവിധ സംസ്ഥാനങ്ങളിൽ അറസ്റ്റിലായത്. നീറ്റ് പരീക്ഷയുടെ വിശ്വാസ്യത തന്നെയാണ് ഇവിടെ ചോദ്യചിഹ്നമാകുന്നത്. ഇതോടൊപ്പം വിദ്യാർഥികകളുടെ ഭാവിയും അനിശ്ചിതത്വത്തിലാകുന്നു. അർഹതപ്പെട്ട വിദ്യാർഥികൾക്ക് അവസരം നഷ്ടമാകുന്ന സാഹചര്യമാണ്.

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവരങ്ങൾ ദിവസവും പുറത്തുവരുന്നുണ്ട്. ലക്ഷങ്ങൾ കൊടുത്താണ് വിദ്യാർഥികൾ ചോദ്യപേപ്പർ സ്വന്തമാക്കിയിട്ടുള്ളത്. സോൾവർ ഗ്യാങ് എന്നറിയപ്പെടുന്ന സംഘമാണ് ഇതിന് പിന്നി​ലെന്നാണ് സൂചന.

പരീക്ഷയിൽ വലിയതോതിലുള്ള ക്രമക്കേടുകൾ നടന്നെന്ന് കണ്ടെത്തിയതായി ബിഹാറിലെ സാമ്പത്തിക കുറ്റാന്വേഷണ യൂണിറ്റ് വ്യക്തമാക്കുന്നു. വിദ്യാർഥികൾ ചോദ്യപേപ്പറിനായി 30 ലക്ഷം വരെ മുടക്കിയതായി പ്രതികളുടെ കുറ്റസമ്മത മൊഴിയിലുണ്ട്. ഒമ്പത് പരീക്ഷാർഥികളെ അടുത്തദിവസങ്ങളിലായി ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. പരീക്ഷയിൽ ക്രമക്കേടുകൾ നടന്നിട്ടില്ലെന്ന് കഴിഞ്ഞദിവസം കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞിരുന്നു. എന്നാൽ, ഇത് തെറ്റാണെന്നാണ് പുതിയ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നത്.

ഇതുവരെ 14 പേരെയാണ് അന്വേഷണ സംഘം ബിഹാറിൽ അറസ്റ്റ് ചെയ്തത്. ബിഹാർ സർക്കാറിലെ ജൂനിയർ എൻജിനീയറായ സിക്കന്ദർ കുമാറും അറസ്റ്റിലായവരിൽ ഉൾപ്പെടും. പറ്റ്നയിൽ വിദ്യാഭ്യാസ കൺസൾട്ടൻസി നടത്തുന്ന നിതീഷ്, അമിത് ആനന്ദ് എന്നിവർ മുഖേനെയാണ് ഇയാൾ കുറ്റകൃത്യത്തിൽ പങ്കാളിയാകുന്നത്. സിക്കന്ദർ നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ കുടുംബങ്ങളെ കാണുകയും സാമ്പത്തിക ഇടപാടുകൾ നടത്തുകയുമായിരുന്നു.

മെയ് നാലിനാണ് അമിതിനും നിതീഷിനും ചോദ്യപേപ്പർ ലഭിക്കുന്നത്. തുടർന്ന് പറ്റ്നയിലെ രാമകൃഷ്ണ നഗറിലുള്ള വീട്ടിലേക്ക് ഇവർ വിദ്യാർഥികളെ വിളിച്ചുവരുത്തി. ഇവിടെ വെച്ച് വിദ്യാർഥികൾക്ക് ചോദ്യങ്ങൾ നൽകി. അന്ന് വിദ്യാർഥികളെ ഈ വീട്ടിൽ താമസിപ്പിച്ചു. ചോദ്യ​പേപ്പർ ചോർച്ച പുറത്തറിയുമോ എന്ന ഭയത്താൽ ഇവരെ അടുത്തദിവസം അമിതും നിതീഷുമാണ് പരീക്ഷാ കേന്ദ്രത്തിലെത്തിച്ചത്.

അമിതിനെയും നിതീഷിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യപേപ്പറിനായി ഓരോ വിദ്യാർഥിയിൽനിന്നും 30 മുതൽ 32 ലക്ഷം വരെ വാങ്ങിയതായി ഇവർ കുറ്റസമ്മതം നടത്തി. ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ ടീച്ചർ റിക്രൂട്ട്മെന്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നിതീഷ് നേരത്തേ അറസ്റ്റിലായിരുന്നു. അതിനാൽ തന്നെ ബിഹാറിലെ നളന്ദയിലുള്ള സഞ്ജീവ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം തന്നെയാകും ഇതിന്റെയും പിന്നിലെന്നാണ് സംശയിക്കുന്നത്. വിദ്യാഭ്യാസ കൺസൾട്ടൻസികളും കോച്ചിങ് സെന്ററുകളും വഴിയാണ് ഇവർ വിദ്യാർഥികളെ ബന്ധപ്പെടുന്നത്. അറസ്റ്റിലായ ആനന്ദ് പറ്റ്നയിൽ അനധികൃത വിദ്യാഭ്യാസ കൺസൾട്ടൻസി നടത്തുകയാണ്.

നീറ്റ് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങാൻ സഹായിക്കുന്ന സംഘം ഗുജറാത്തിലും പിടിയിലായിട്ടുണ്ട്. ഇവർ വിദ്യാർഥികളിൽനിന്നായി 12 കോടിയോളം രൂപയാണ് വാങ്ങിയത്. ഉത്തരമറിയാത്ത ചോദ്യങ്ങൾ വിദ്യാർഥികൾ എഴുതാതെ വിടുകയും അവ പരീക്ഷാകേന്ദ്രത്തിലെ അധ്യാപകർ പൂരിപ്പിക്കുകയുമാണ് ചെയ്യുക.

അതേസമയം, പരീക്ഷയിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് ഇടതു വിദ്യാർഥി സംഘടനകൾ രണ്ട് ദിവസത്തെ രാജ്യവ്യാപക സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 19, 20 തീയതികളിലാണ് സമരം. വീണ്ടും പരീക്ഷ നടത്തണമെന്നും ക്രമേക്കുടകളിൽ സ്വന്തന്ത്ര അന്വേഷണം നടത്തണമെന്നും ആൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

67 വിദ്യാർഥികൾക്ക് ഉയർന്ന മാർക്ക് ലഭിച്ചതോടെയാണ് ക്രമക്കേടുകൾ പുറത്തറിയുന്നത്. ഉന്നത മാർക്ക് ലഭിച്ചവരിൽ പലരും ഹരിയാനയിലെ ഒരേ സെന്ററിൽ പരീക്ഷ എഴുതിയവരാണ്. കൂടാതെ ഗ്രേസ് മാർക്ക് നൽകിയതിലും ക്രമക്കേടുണ്ട്. പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിവിധ വിദ്യാർഥി സംഘടനകൾ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് സു​പ്രിംകോടതി കേന്ദ്ര സർക്കാറിനും നാഷനൽ ടെസ്റ്റിങ് ഏജൻസിക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

TAGS :

Next Story