അയോധ്യയിലെ രാമക്ഷേത്രത്തിൽ പൂജാരിയാകാൻ 3000 അപേക്ഷകൾ: പരിശീലനവേളയിൽ സ്റ്റൈപ്പൻഡായി 2000 രൂപ
തെരഞ്ഞെടുക്കപ്പെടുന്നവരെ ആറ് മാസത്തെ പരിശീലനത്തിന് ശേഷം വിവിധ തസ്തികകളിൽ നിയോഗിക്കും.
ന്യൂഡൽഹി: അയോധ്യയിൽ നിർമാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിൽ പൂജാരിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷിച്ചത് 3000 പേർ. രാം മന്ദിർ തീർഥ ക്ഷേത്ര ട്രസ്റ്റ് പരസ്യം നൽകിയതിന് ശേഷം ലഭിച്ച അപേക്ഷകളാണിത്. പൂജാരിമാരുടെ വിവിധ തസ്തികകളിലേക്ക് അപേക്ഷിച്ച 3000 പേരിൽ നിന്ന് മെറിറ്റിന്റെ അടിസ്ഥാനത്തിൽ 200 പേരെ അഭിമുഖത്തിന് തിരഞ്ഞെടുത്തതെന്ന് ട്രസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.
അയോധ്യയിലെ വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ആസ്ഥാനമായ കർസേവക് പുരത്താണ് അഭിമുഖം നടക്കുന്നത്. അഭിമുഖത്തിൽ പാസാകുന്ന 20 പേർക്കാണ് നിയമനം ലഭിക്കുക. വൃന്ദാവനത്തിൽ നിന്നുള്ള ഹിന്ദു പ്രഭാഷകനായ ജയ്കാന്ത് മിശ്രയുടെ മൂന്നംഗ പാനലും അയോധ്യയിൽ നിന്നുള്ള രണ്ട് മുതിർന്ന പൂജാരിമാരായ മിഥിലേഷ് നന്ദിനി ശരൺ, സത്യനാരായണ ദാസ് എന്നിവർ ഉൾപ്പെടുന്നതാണ് അഭിമുഖ പാനൽ.
തെരഞ്ഞെടുക്കപ്പെടുന്നവരെ ആറ് മാസത്തെ പരിശീലനത്തിന് ശേഷം വിവിധ തസ്തികകളിൽ നിയോഗിക്കും. തെരഞ്ഞെടുക്കപ്പെടാതെ പോയവർക്ക് ആറുമാസത്തെ പരിശീലനവും സർട്ടിഫിക്കറ്റുകളും നൽകുമെന്നും ട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ദേവ് ഗിരി അറിയിച്ചു.ഭാവിയില്‍ ഒഴിവ് വരുമ്പോള്‍ ഇവരെ പരിഗണിക്കും. വിവിധ മതപണ്ഡിതർ തയ്യാറാക്കുന്ന മതപരമായ സിലബസ് അടിസ്ഥാനമാക്കിയായിരിക്കും പരിശീലനം. പരിശീലന വേളയിൽ ഉദ്യോഗാർത്ഥികൾക്ക് സൗജന്യ ഭക്ഷണവും താമസവും കൂടാതെ 2000 രൂപ സ്റ്റൈപ്പൻഡായും ലഭിക്കുന്നതാണ്.
Adjust Story Font
16