മേഘാലയയിൽ രാഷ്ട്രീയ സംഘർഷം; 31 പേരെ അറസ്റ്റ് ചെയ്തു
സംഘർഷത്തെ തുടർന്ന് 119 കമ്പനി കേന്ദ്ര സേനയെ സുരക്ഷയ്ക്കായി വിന്യസിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു
മേഘാലയ പൊലീസ്
ഷില്ലോംഗ്: മേഘാലയയിൽ രാഷ്ട്രീയ സംഘർഷവുമായി ബന്ധപ്പെട്ട് 31 പേരെ അറസ്റ്റ് ചെയ്തു. സംഘർഷത്തെ തുടർന്ന് 119 കമ്പനി കേന്ദ്ര സേനയെ സുരക്ഷയ്ക്കായി വിന്യസിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ തൃണമൂൽ കോൺഗ്രസ് - എന്‍.പി.പി സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
മേഘാലയയിലെ വെസ്റ്റ് ഘാരോ ഹിൽസ് ജില്ലയിലെ ഫൂൽബാരി നിയോജക മണ്ഡലത്തിലുണ്ടായ സംഘർഷത്തിലാണ് കൂട്ട അറസ്റ്റ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂൽ കോൺഗ്രസിന്‍റെയും എന്‍.പി.പിയുടെയും പ്രവർത്തകർ ഏറ്റുമുട്ടി. 9 പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു.
ആക്രമണത്തിൽ പരസ്പരം കുറ്റപ്പെടുത്തിയ ഇരു പാർട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനേയും സമീപിച്ചിരുന്നു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റിലായവരിൽ 16 പേർ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും 15 പേർ എന്‍.പി.പി പ്രവർത്തകരുമാണ്. സംസ്ഥാനത്തെ 747 പോളിങ് ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തി. ഇതിൽ 399 പോളിങ് ബൂത്തുകൾ അതീവ ഗുരുതര സാഹചര്യമുള്ള ബൂത്തുകളെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കേന്ദ്ര സേനയെ സുരക്ഷയ്ക്കായി നിയോഗിച്ചത്. 119 കമ്പനി കേന്ദ്ര സേനയെ പ്രശ്ന ബാധിത ബൂത്തുകളിൽ വിന്യസിക്കും. സംഘർഷ ബാധിത പ്രദേശങ്ങളിൽ കേന്ദ്ര സേന ഫ്ലാഗ് മാർച്ചും നടത്തും. തൃണമൂൽ എന്‍.പി.പി സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ പോലീസ് നിരീക്ഷണവും ശക്തമാക്കി. ഈ മാസം 27 നാണ് മേഘാലയിൽ നിയമസഭാ തെരഞ്ഞെടുപ്പ്.
Adjust Story Font
16