ആൾദൈവത്തിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ 36 പേരുടെ സ്വർണാഭരണങ്ങൾ മോഷണം പോയി
രണ്ട് ലക്ഷത്തിലധികം പേരാണ് പരിപാടിയിൽ പങ്കെടുത്തത്. ആളുകളുടെ തിക്കും തിരക്കിലും ഒരു സ്ത്രീക്ക് പരിക്കേറ്റു
മുംബൈ: സ്വയം പ്രഖ്യാപിത ആൾദൈവം ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ 36 പേരുടെ സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. മീരാ റോഡിലെ സലാസർ സെൻട്രൽ പാർക്ക് ഗ്രൗണ്ടിൽ ശനിയാഴ്ച ആരംഭിച്ച ദ്വിദിന പരിപാടിയിൽ പങ്കെടുക്കാനെത്തിയ അനുയായികളുടെ ആഭരണങ്ങളാണ് കവർന്നത്. വിലപിടിപ്പിള്ള സ്വർണാഭരണങ്ങളാണ് മോഷണം പോയതെന്നും ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും മീരാ റോഡ് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ട് ലക്ഷത്തിലധികം പേരാണ് പരിപാടിയിൽ പങ്കെടുത്തത്. ആളുകളുടെ തിക്കും തിരക്കിലും ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇത്രയും വലിയ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിൽ സംഘാടകർക്ക് പിഴവ് വന്നതായും റിപ്പോർട്ടുകളുണ്ട്. തിക്കും തിരക്കുമുണ്ടായപ്പോൾ ആളുകൾക്ക് പരിക്കേൽക്കാതിരിക്കാനാണ് പൊലീസ് ശ്രദ്ധിച്ചത്. എന്നാൽ അത് മുതലെടുത്താണ് മോഷണം നടന്നതെന്നാണ് കരുതുന്നത്.
ആൾദൈവത്തിന്റെ രോഗശാന്തി ശക്തി വീഡിയോകൾ മൊബൈൽ ഫോണിൽ കണ്ടതുകൊണ്ടാണ് മകളുമായി അവിടെ എത്തിയതെന്ന് പരാതിക്കാരിയായ യുവതി പറയുന്നു. മകളുടെ രോഗം മാറ്റുമെന്ന് പ്രതീക്ഷിച്ചെത്തിയ എന്റെ വിലപിടിപ്പുള്ള താലിമാലയാണ് കള്ളന്മാർ കൊണ്ടുപോയതെന്നും ഇവർ പറയുന്നു. അതേസമയം, സ്ഥലത്ത് നിൽക്കാനോ ഇരിക്കാനോ പോലും സ്ഥലമില്ലായിരുന്നെന്നും പരാതിക്കാർ ഉന്നയിക്കുന്നു.
ശാന്തബെൻ മിത്തലാൽ ജെയിൻ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിക്കെതിരെ അന്ധവിശ്വാസ വിരുദ്ധ സംഘടനകൾ എതിർത്തിരുന്നു. പരിപാടിക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഈ ഗ്രൂപ്പുകൾ വെള്ളിയാഴ്ച പൊലീസിന് പരാതി നൽകുകയും ചെയ്തിരുന്നു.എന്നാൽ പൊലീസ് അത് പരിഗണിച്ചില്ലെന്നും പരാതിയുയരുന്നുണ്ട്.
അതേസമയം, പരാതികളുടെ അടിസ്ഥാനത്തിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രദേശത്തെ സിസിടിവികൾ പരിശോധിച്ചുവരിയാണെന്നും പൊലീസ് പറയുന്നു. എന്നാൽ മോഷണവുമായി ബന്ധപ്പെട്ട് പരിപാടിയുടെ സംഘാടകർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Adjust Story Font
16