ഡൽഹിയിലെ നാല് സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി; പരിശോധന തുടരുന്നു
കഴിഞ്ഞ ദിവസമായിരുന്നു ഡൽഹിയിലെ 40 സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി ഉണ്ടായത്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നാല് സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. മയൂര്‍വിഹാറിലെ സല്‍വാന്‍ പബ്ലിക് സ്‌കൂള്‍, ശ്രീ നിവാസ് പുരിയിലെ കേംബ്രിഡ്ജ് സ്‌കൂള്‍, ഈസ്റ്റ് കൈലാശിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ തുടങ്ങിയ സ്‌കൂളുകളിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ഇന്ന് പുലര്‍ച്ചെയോടെ ഫോണിലൂടെയും ഇമെയ്ല്‍ വഴിയുമാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. പൊലീസ്, അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് തുടങ്ങിയവര്‍ സ്‌കൂളുകളില്‍ എത്തി പരിശോധന നടത്തി. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ ഡല്‍ഹി പൊലീസ് നിര്‍ദേശം നല്‍കി.
കഴിഞ്ഞ ദിവസമായിരുന്നു ഡല്‍ഹിയിലെ 40 സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി ഉണ്ടായത്. നഗരത്തിലെ പ്രമുഖ സ്‌കൂളുകളിലേക്കാണ് ഇമെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്. സ്‌കൂളിന്റെ വിവിധഭാഗങ്ങളില്‍ ബോംബുകള്‍ വെച്ചിട്ടുണ്ടെന്നും അത് നിര്‍വീര്യമാക്കാന്‍ 30000 ഡോളര്‍ വേണമെന്നുമായിരുന്നു ഭീഷണി സന്ദേശത്തില്‍ ആവശ്യപ്പെട്ടത്.
മേയ് മാസത്തില്‍ നഗരത്തിലെ 200ലധികം സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും മറ്റ് പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നേരെ സമാനമായ ബോംബ് ഭീഷണി ലഭിച്ചിരുന്നു. എന്നാല്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് (വിപിഎന്‍) ഉപയോഗിച്ച് മെയില്‍ അയച്ചതിനാല്‍ പൊലീസിന് പ്രതികളെ കണ്ടെത്താനും കേസ് പരിഹരിക്കാനും കഴിഞ്ഞിട്ടില്ല.
Adjust Story Font
16