Quantcast

ബീഫിന്റെ പേരിൽ വയോധികനെ മർദിച്ചതിൽ നാല് ​ഗോരക്ഷാ ​ഗുണ്ടകൾ അറസ്റ്റിൽ; ഉടനടി ജാമ്യം; പൊലീസിനെതിരെ വിമർശനം

ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകളാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയത്. ആൾക്കൂട്ട ആക്രമണം, കൊലപാതക ശ്രമം, വിദ്വേഷ പ്രചാരണം, കലാപശ്രമം തുടങ്ങിയ വകുപ്പുകളൊന്നും ചുമത്താൻ പൊലീസ് തയാറായില്ല.

MediaOne Logo

Web Desk

  • Updated:

    2024-09-02 10:21:29.0

Published:

2 Sep 2024 10:20 AM GMT

4 held for assaulting elderly man on train, granted bail in few hours
X

മുംബൈ: ബീഫ് കൈവശം വച്ചെന്നാരോപിച്ച് മഹാരാഷ്ട്രയിൽ ഓടുന്ന ട്രെയിനിൽ മുസ്‌ലിം ​വയോധികനെ ക്രൂരമായി മർദിക്കുകയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ നാല് ​ഗോരക്ഷാ ​ഗുണ്ടകൾ അറസ്റ്റിൽ. സ്പെഷ്യൽ റിസർവ്ഡ് പൊലീസ് ഫോഴ്സ് ഉദ്യോഗസ്ഥന്റെ മകനായ ആകാശ് അവ്ഹാദ്, നിതേഷ് അഹിരേൻ, ജയേഷ് മൊഹിതെ എന്നിവരടക്കമുള്ളവരാണ് അറസ്റ്റിലായത്. എന്നാൽ മണിക്കൂറുകൾക്കകം ഇവർ ജാമ്യം ലഭിച്ച് പുറത്തിറങ്ങി. 15,000 രൂപയുടെ ജാമ്യത്തുകയിലാണ് പ്രതികൾ മോചിതരായത്.

കഴിഞ്ഞദിവസം മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലായിരുന്നു സംഭവം. ജൽഗാവ് ജില്ലയിലെ താമസക്കാരനായ ഹാജി അഷ്‌റഫ് മുൻയാറിനാണ് മർദനമേറ്റത്. കല്യാണിലുള്ള തന്റെ മകളുടെ വീട്ടിലേക്ക് ഭക്ഷണസാധനങ്ങളുമായി പോകുമ്പോൾ ഇഗത്പുരിക്ക് സമീപമായിരുന്നു സംഭവം. കൈയിലുള്ളത് ബീഫല്ലെന്ന് പറഞ്ഞിട്ടും ഇവർ ഭീഷണിപ്പെടുത്തലും അടിയും തുടർന്നു. ആക്രമണത്തിൽ പരിക്കേറ്റ അഷ്റഫ് ട്രെയിനിറിങ്ങി അരമണിക്കൂറിനുള്ളിൽ സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും ആദ്യം പൊലീസ് കേസെടുത്തില്ലെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. പരിക്കുകൾ ഗുരുതരമായതിനാൽ ഉടനെ ആശുപത്രിയിൽ ചികിത്സ തേടി.


പിന്നീട്, സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് പൊലീസ് കേസെടുക്കാൻ തയാറായതും പ്രതികളെ അറസ്റ്റ് ചെയ്തതും. താനെ റെയിൽവേ പൊലീസാണ് 72കാരന്റെ പരാതിയിൽ കേസെടുത്തത്. എന്നാൽ വധശ്രമം അടക്കമുള്ള ​ഗുരുതര വകുപ്പുകൾ ചുമത്തണമെന്ന ആവശ്യം പൊലീസ് അം​ഗീകരിച്ചില്ലെന്ന് അഷ്റഫ് പറയുന്നു. പ്രതികൾ കൂട്ടമായി ആക്രമിക്കുകയും അസഭ്യം പറയുകയും കൊല്ലുമെന്നും വീട്ടിലെ സ്ത്രീകളെ ബലാത്സം​ഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തുകയും കൈയിലുണ്ടായിരുന്ന പണം കവരുകയും ചെയ്തെന്ന് അഷ്റഫ് പൊലീസിനോട് പറഞ്ഞിരുന്നു.

എന്നാൽ ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകളാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയത്. ആൾക്കൂട്ട ആക്രമണം, കൊലപാതക ശ്രമം, വിദ്വേഷ പ്രചാരണം, കലാപശ്രമം തുടങ്ങിയ വകുപ്പുകളൊന്നും ചുമത്താൻ പൊലീസ് തയാറായില്ല. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം പ്രതികൾക്ക് ജാമ്യം ലഭിച്ചതെന്ന വിമർശനം ശക്തമാണ്. ആൾക്കൂട്ട കൊലപാതകക്കേസുകളിൽ സുപ്രിംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പ്രകാരം വർഗീയ- വിദ്വേഷ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനായി ഒരു സൈബർ ഇൻഫർമേഷൻ പോർട്ടൽ രൂപീകരിക്കണമെന്നും തുടർന്ന് പൊലീസ് ഉടൻ നടപടിയെടുക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നുമാണ് നിർദേശം. എന്നാൽ ഇതെല്ലാം അവഗണിക്കുന്ന നിലപാടാണ് ​പൊലീസ് സ്വീകരിച്ചത്.

സംഭവത്തിൽ ഇനിയും പ്രതികൾ പിടിയിലാവാനുണ്ട്. വിദ്വേഷ കുറ്റകൃത്യങ്ങൾ, ആൾക്കൂട്ട ആക്രമണങ്ങൾ, കവർച്ച, കൊലപാതകശ്രമം എന്നിവയുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തേണ്ടതില്ലെന്ന റെയിൽവേ പൊലീസ് തീരുമാനത്തിനെതിരെ എൻസിപി എംഎൽഎ ജിതേന്ദ്ര അവ്ഹദ് രം​ഗത്തെത്തി. ആക്രമണത്തിനും പൊലീസ് നിലപാടിനുമെതിരെ എഐഎംഐഎം മേധാവിയും എംപിയുമായ അസദുദ്ദീൻ ഒവൈസിയും രം​ഗത്തെത്തി.




TAGS :

Next Story