വാക്സിൻ വിതരണം വേഗത്തിലാക്കാൻ നടപടികളുമായി സർക്കാർ; നാല് കമ്പനികൾ കൂടി ഉൽപാദനം തുടങ്ങും
11 കോടിയോളം പേർ മാത്രമാണ് രാജ്യത്ത് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചത്
രാജ്യത്ത് വാക്സിൻ വിതരണം വേഗത്തിലാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് വാക്സിൻ ഉൽപാദനം വർധിപ്പിക്കുമെന്ന് അറിയിച്ചത്. ഒക്ടോബർ-നവംബർ മാസത്തിനുള്ളിൽ നാലോളം സ്വകാര്യ കമ്പനികൾ വാക്സിൻ ഉൽപാദനം തുടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു.
ഇതുവരെ രാജ്യത്ത് 47 കോടി ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. അതിൽ 11 കോടിയോളം പേർ മാത്രമാണ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവത്. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും എത്രയും പെട്ടെന്ന് വാക്സിൻ നൽകുകയാണ് ലക്ഷ്യമെന്നും ബയോളജിക്കൽ ഇ, നോവാർട്ടിസ്, സിഡുസ് കാഡില വാക്സിനുകൾക്ക് വൈകാതെ അനുമതി ലഭിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
നിലവിൽ ഭാരത് ബയോടെക്, സിറം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണ് സർക്കാറിന് വാക്സിൻ നൽകുന്നത്. സ്പുട്നിക് വാക്സിനും സർക്കാറിന് ഉടൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിലവിൽ അനുമതി ലഭിച്ചിട്ടുള്ള കോവിഷീൽഡിന്‍റെ പ്രതിമാസ ഉൽപാദനം 120 മില്യൺ ഡോസുകളായും കോവാക്സിൻ്റേത് 58 മില്യൺ ഡോസായും വർധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഡിസംബറോടെയായിരിക്കും ഉൽപാദനം വലിയ രീതിയിൽ വർധിപ്പിക്കുക.
Adjust Story Font
16