യുപിയില്‍ 61 കുട്ടികള്‍ ഓക്സിജൻ കിട്ടാതെ മരിച്ചിട്ട് നാലു വർഷം; നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ സര്‍ക്കാര്‍
ബി.ആർ.ഡി ആശുപത്രിയിലാണ് ദാരുണ സംഭവം നടന്നത്
ഉത്തർപ്രദേശിലെ ഖോരക്പൂരിൽ 61 കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ചിട്ട് നാല് വർഷം പൂർത്തിയായിട്ടും യു.പി സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചില്ല. ബി.ആർ.ഡി ആശുപത്രിയിലാണ് ദാരുണ സംഭവം നടന്നത്. നിരവധി പ്രതിഷേധങ്ങളുണ്ടായിട്ടും നഷ്ടപരിഹാരത്തിന്‍റെ കാര്യത്തിൽ യോഗി സർക്കാർ മൗനം തുടരുകയാണ്.
നാല് ദിവസം പ്രായമായ കുഞ്ഞിന് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഖൊരക്പൂര്‍ സ്വദേശി ഗുപ്ത ബി.ആർ.ഡി ആശുപത്രിയിലെത്തിയത്. രാത്രി 7.30 ഓടെ ഓക്സിജൻ പ്ലാന്‍റില്‍ നിന്നും ഉച്ചത്തിൽ ഉള്ള ശബ്ദം കേട്ടത് മാത്രമാണ് ഗുപ്തയുടെ ഓർമ. പിന്നീട് കുഞ്ഞിന്‍റെ മരണ വിവരം ഡോക്ടർമാർ അറിയിച്ചു. നാല് വർഷങ്ങൾക്കിപ്പുറവും ബി.ആർ.ഡി മെഡിക്കൽ കോളേജിൽ നടന്ന ഈ സംഭവത്തെ കുറിച്ച് ഓർക്കാൻ പോലും ഗുപ്ത തയ്യാറാകുന്നില്ല.
ഗുപ്തയുടെ നാല് ദിവസം പ്രായമായ ആണ്‍കുഞ്ഞ് ഉൾപ്പെടെ 61 കുട്ടികളാണ് ഖൊരക്പൂര്‍ ആശുപത്രിയിൽ മരിച്ചത്. ഓക്സിജൻ ക്ഷാമമാണ് മരണത്തിന് കാരണമെന്ന് റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടും യോഗി സർക്കാർ ഇതുവരെ കുട്ടികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകിയിട്ടില്ല. മാത്രമല്ല ഓക്സിജൻ ക്ഷാമമാണ് മരണത്തിന് കാരണമെന്ന റിപ്പോർട്ടുകൾ പാടെ തള്ളുകയാണ് യോഗി സർക്കാരിന്‍റെ ആരോഗ്യ വിഭാഗം. ആശുപത്രിയിൽ അന്ന് ഓക്സിജൻ ക്ഷാമമില്ലെന്നും കുട്ടികളുടെ മരണത്തിന് മറ്റ് ആരോഗ്യപ്രശ്നങ്ങളാണ് കാരണമെന്നുമാണ് യോഗി സർക്കാരിന്‍റെ വാദം. ഡി.ആർ.ഡി ആശുപത്രിയിലെ സംഭവത്തിന് ശേഷം നിരവധി ശിശുമരണങ്ങൾ ഉത്തർപ്രദേശിൽ വിവിധ സ്ഥലങ്ങളിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതിലെല്ലാം യോഗി സർക്കാർ മൗനം പാലിക്കുകയാണ്. നഷ്ടപരിഹാരമെങ്കിലും ലഭിക്കണമെന്നാണ് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ ആവശ്യം.
Adjust Story Font
16