കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യാൻ വ്യാജ സന്ദേശം; ലിങ്കില്‍ ക്ലിക്ക് ചെയ്ത 40 പേര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍
മൂന്ന് ദിവസത്തിനുള്ളിലാണ് സ്വകാര്യ ബാങ്കിലെ ഇടപാടുകാരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയത്
മുംബൈ: കെ.വൈ.സി, പാൻ കാർഡ് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാനാവശ്യപ്പെട്ടയച്ച സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത ഉപഭോക്താക്കൾക്ക് മൂന്ന് ദിവസങ്ങൾക്കുള്ളിൽ നഷ്ടമായത് ലക്ഷക്കണക്കിന് രൂപ. മുംബൈയിലെ ഒരു സ്വകാര്യ ബാങ്കിലെ 40 ഇടപാടുകാരിൽ നിന്നാണ് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയത്.
ഉപഭോക്താക്കൾ കെ.വൈ.സി, പാൻ കാർഡ് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാത്തതിനാൽ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തിരിക്കുന്നുവെന്ന് കാണിച്ചായിരുന്നു തട്ടിപ്പുകാർ വ്യാജ സന്ദേശം അയച്ചത്. വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനായി താഴെപ്പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നും സന്ദേശത്തിലുണ്ടായിരുന്നു.
ഈ ലിങ്കുകൾ ക്ലിക്ക് ചെയ്യുമ്പോൾ അവരുടെ കസ്റ്റമർ ഐഡി, പാസ് വേര്‍ഡ്, മറ്റ് രഹസ്യാത്മക വിശദാംശങ്ങൾ എന്നിവ നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം നൽകിയവരുടെ പണമാണ് നഷ്ടമായതെന്ന് മുംബൈ പൊലീസ് പറയുന്നു. തട്ടിപ്പിനിരയായ 40 പേരിൽ ടിവി നടി ശ്വേതാ മേമനും ഉൾപ്പെടുന്നു. കഴിഞ്ഞ വ്യാഴാഴ്ച തന്റെ ബാങ്കിൽ നിന്നുള്ളതാണെന്ന് വിശ്വസിച്ച് വ്യാജ സന്ദേശത്തിൽ നിന്നുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തതായി ഇവർ നൽകിയ പരാതിയിൽ പറയുന്നു. ഒരു ബാങ്ക് ഉദ്യോഗസ്ഥനെന്ന വ്യാജേന സ്ത്രീയും തന്നെ ഫോണിൽ വിളിച്ചെന്നും തന്റെ മൊബൈൽ നമ്പറിൽ ലഭിച്ച മറ്റൊരു ഒടിപി പറഞ്ഞുകൊടുക്കാനും ആവശ്യപ്പെട്ടു. ഇതു പറഞ്ഞുകൊടുത്തതിന് ശേഷം അക്കൗണ്ടിൽ നിന്ന് 57,636 രൂപ നഷ്ടപ്പെട്ടതെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി.
അതേസമയം, ബാങ്ക് ഉപഭോക്താക്കളുടെ രഹസ്യ വിവരങ്ങൾ ചോദിക്കുന്ന ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുംബൈ പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Adjust Story Font
16