മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളും വോട്ടിങ് മെഷീനുകളും തകർത്ത 40 പേർക്കെതിരെ കേസ്
ഘട്‌നന്തൂരിലെ പാർലി നിയമസഭാ മണ്ഡലത്തിലാണ് അക്രമമുണ്ടായത്.
ഛത്രപതി സാംഭാജിനഗർ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിനിടെ പോളിങ് ബൂത്തുകളും വോട്ടിങ് മെഷീനുകളും തകർത്ത സംഭവത്തിൽ 40 പേർക്കെതിരെ പൊലീസ് കേസെടുത്തു. വടികളും മാരകായുധങ്ങളുമായി എത്തിയ അക്രമികളെ തടയാൻ ശ്രമിച്ച പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ഘട്‌നന്തൂരിലെ പാർലി നിയമസഭാ മണ്ഡലത്തിലാണ് അക്രമമുണ്ടായത്.
മഹാ വികാസ് അഘാഡി സഖ്യത്തിന്റെ പ്രാദേശിക നേതാവായ മാധവ് ജാധവിനെ കൻഹർവാഡി ഗ്രാമത്തിൽവെച്ച് മർദിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ അറുപതോളം ആളുകൾ വടികളും ആയുധങ്ങളുമായെത്തി സോമേശ്വർ സ്‌കൂളിലെ പോളിങ് ബൂത്തുകൾ തകർക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.
ഈ ബൂത്തുകളിലെ മെഷീനുകൾക്കും കേടുപാടുണ്ടായെങ്കിലും ഉദ്യോഗസ്ഥർ പെട്ടെന്ന് തന്നെ മെഷീനുകൾ മാറ്റി സ്ഥാപിച്ചതിനാൽ വോട്ടിങ് തടസ്സപ്പെട്ടില്ല. പുതിയ മെഷീനുകളിൽ വോട്ട് സുരക്ഷിതമാണെന്നും ശനിയാഴ്ച തന്നെ വോട്ടെണ്ണൽ നടക്കുമെന്നും കലക്ടർ പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതക ശ്രമം, മനപ്പൂർവം മുറിവേൽപ്പിക്കൽ, സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ അക്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തത്.
Adjust Story Font
16