മുസ്‍ലിം ഭൂരിപക്ഷമേഖലയിൽ ബുൾഡോസർ രാജുമായി മഹാരാഷ്ട്ര; ഒറ്റദിവസം മുംബൈയിൽ പൊളിച്ചത് 40 ഓളം കെട്ടിടങ്ങൾ
ഒരു പ്രത്യേക സമുദായത്തിനെ ലക്ഷ്യംവെച്ചുള്ള നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി
മുംബൈ: മുസ്‍ലിം ഭൂരിപക്ഷമേഖലയിൽ യു.പി മോഡൽ ബുൾഡോസർ രാജുമായി മഹാരാഷ്ട്ര സർക്കാർ. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ ബുധനാഴ്ച മാത്രം മുസ്‍ലിം ഉടമസ്ഥതയിലുള്ള 40 ഓളം കെട്ടിടങ്ങളാണ് പൊളിച്ചത്.
രാമക്ഷേത്ര പ്രതിഷ്ഠക്ക് മുന്നോടിയായി നടന്ന വാഹനറാലിക്കിടെ ഞായറാഴ്ച രാത്രി സംഘർഷമുണ്ടായ മീരാ റോഡ്, നയന നഗറിലാണ് യു.പി മോഡൽ ബുൾഡോസർ രാജ് കഴിഞ്ഞ ദിവസം തുടങ്ങിവെച്ചത്. ചൊവ്വാഴ്ച 15 ഓളം കെട്ടിടങ്ങളാണ് അധികൃതർ ഇവിടെ തകർത്തത്. അതിന്റെ തുടർച്ചയായാണ് മുസ്ലീം ഭൂരിപക്ഷ മേഖലകളിലൊന്നായ മുഹമ്മദ് അലി റോഡിലും പൊളിക്കൽ തുടങ്ങിയത്. മുന്നറിയിപ്പോ നോട്ടീസോ നൽകാതെയാണ് പൊളിക്കൽ തുടരുന്നത്. അനധികൃത നിർമാണമാണെന്നോ പൊളിക്കുന്നതിനെ കുറിച്ചോ അറിയിപ്പൊന്നും നൽകിയിട്ടില്ലെന്ന് കടയടുമകൾ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
1936 മുതൽ പ്രവർത്തിക്കുന്ന നൂറാനി മിൽക്ക് സെന്റർ അടക്കമുള്ള കടകളുടെ ഭാഗങ്ങളും പൊളിച്ചതിൽ പെടുന്നു.നിയമവിരുദ്ധമായി ഒന്നുമില്ലെന്നും എല്ലാത്തിനും രേഖകളുണ്ടെന്നും കടയുടമകൾ പറയുന്നു. ഏതാണ്ട് അഞ്ച് വർഷം മുമ്പാണ് അവസാനമായി ഇത്തരമൊരു പൊളിക്കൽ നടന്നതെന്നും കടയുടമകൾ പറയുന്നു.
ഒരു പ്രത്യേക സമുദായത്തിനെ ലക്ഷ്യംവെച്ചുള്ള നടപടിക്കെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.ബുൾഡോസർ സംസ്‌കാരം ഭരണഘടനാ വിരുദ്ധമായതിനാൽ എതിർക്കപ്പെടേണ്ടതുണ്ടെന്ന് കോൺഗ്രസ് വക്താവ് അതുൽ ലോന്ദെ പറഞ്ഞു. “അനധികൃത നിർമാണങ്ങൾക്കെതിരെ നടപടിയെടുക്കാനുള്ള ഭരണഘടനാപരമായ മാർഗമല്ല ബുൾഡോസറുകൾ. നിയമനടപടികൾ പൂർത്തിയാക്കിവേണം പൊളിക്കേണ്ടത്. എന്തുകൊണ്ടാണ് ബുൾഡോസറുകൾ ഒരു പ്രത്യേക സമുദായത്തെ മാത്രം ലക്ഷ്യം വെക്കുന്നതെന്നും, ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
“തിരഞ്ഞെടുപ്പ് വരുന്നതിനാലാണ് സർക്കാർ ഇതെല്ലാം ചെയ്യുന്നതെന്ന് സമാജ്‌വാദി പാർട്ടി എംഎൽഎ റയീസ് ഷെയ്ഖ് പറഞ്ഞു. അവർ ഒരു പ്രത്യേക സമുദായത്തെ വേട്ടയാടി മറ്റൊരു സമുദായത്തെ പ്രീതിപ്പെടുത്താൻ കഴിയുമെന്ന് അവർ കരുതുന്നു എന്നാൽ ഇത് യഥാർത്ഥത്തിൽ അവർക്ക് എതിരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടയിൽ പ്രകോപനപരമായ പ്രസ്താവനകളുമായി ഷിൻഡെ പക്ഷ ശിവസേന, ബി.ജെ.പി എം.എൽ.എമാർ രംഗത്തെത്തി. ഇതിനെ തുടർന്ന് മുസ് ലിം ഭൂരിപക്ഷ പ്രദേശമായ നയനനഗറിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങൾ ബാരിക്കേഡ് തീർത്ത് പൊലീസ് സംരക്ഷണത്തിലാക്കി.
Adjust Story Font
16