മാസ്‌കില്ലാതെ കോളജ് ഡേ ആഘോഷം; തെലുങ്കാനയിൽ 43 മെഡിക്കൽ വിദ്യാർഥികൾക്ക് കൊവിഡ്
ഇത്രയും പേരെ പങ്കെടുപ്പിച്ച ആഘോഷത്തെ കുറിച്ചറിയില്ലെന്ന് ആരോഗ്യവിഭാഗം
രാജ്യത്ത് ഒമിക്രോൺ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലും മാസ്‌ക് പോലും ധരിക്കാതെ വാർഷികാഘോഷം നടത്തിയ 43 മെഡിക്കൽ വിദ്യാർഥികൾക്ക് കൊവിഡ്. തെലുങ്കാനയിലെ കരിംനഗർ ജില്ലയിലെ ബൊമ്മക്കലിലുള്ള ചൽമേദ ആനന്ദ് റാവു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്പാണ് കോളജിൽ വാർഷികാഘോഷം നടത്തിയത്. രോഗം പടർന്നതോടെ ക്ലാസുകൾ താൽക്കാലികമായി നിർത്തിവെക്കാനും കാമ്പസ് അടച്ചിടാനും കോളജ് അധികൃതർ തീരുമാനിച്ചു.
ഇത്രയുമധികം വിദ്യാർഥികളെ പങ്കെടുപ്പിച്ച് വാർഷികാഘോഷം നടത്തുന്നതിനെ കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കരിംനഗർ ജില്ല മെഡിക്കൽ ഓഫീസർ ഡോ.ജുവേരിയ പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത പലരും മാസ്‌ക് ധരിച്ചിരുന്നില്ല. 200 പേരെയാണ് ഇതുവരെ പരിശോധിച്ചത്. ക്യാമ്പസിലെ 1000 പേരെ പരിശോധിക്കാൻ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുമെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു. ശനിയാഴ്ച 13 പേർക്കും ഞായറാഴ്ച 26 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
എല്ലാ വിദ്യാർഥികളെയും ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ക്യാമ്പസ് അണുവിമുക്തമാക്കുമെന്നും തെലങ്കാന പൊതുജനാരോഗ്യ ഡയറക്ടർ ഡോ. ജി ശ്രീനിവാസ് പറഞ്ഞു. ജനുവരി പകുതിയോടെ കൂടുതൽ കേസുകൾ വരുമെന്നും ഫെബ്രുവരിയോടെ രോഗവ്യാപനം കൂടുമെന്നും ഡെൽറ്റയേക്കാൾ ആറിരട്ടി വേഗത്തിൽ ഒമിക്രോൺ പടരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Adjust Story Font
16