46 വർഷം പഴക്കമുള്ള മതംമാറ്റ വിരുദ്ധ നിയമം നടപ്പാക്കാനൊരുങ്ങി അരുണാചലിലെ ബിജെപി സർക്കാർ: പ്രക്ഷോഭത്തിനൊരുങ്ങി ക്രിസ്ത്യൻ സംഘടനകള്‍
ബലപ്രയോഗത്തിലൂടെയോ പ്രലോഭനത്തിലൂടെയോ വഞ്ചനാപരമായ മാർഗങ്ങളിലൂടെയോ മതപരിവർത്തനം നിരോധിക്കുന്നതാണ് നിയമം

ഇറ്റാനഗര്‍: മതംമാറ്റ വിരുദ്ധ നിയമം നടപ്പാക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തിൽ കടുത്ത പ്രതിഷേധവുമായി അരുണാചല്‍പ്രദേശിലെ ക്രിസ്ത്യന്‍ സമൂഹം. അരുണാചൽ ക്രിസ്ത്യൻ ഫോറത്തിന് കീഴില്‍(എസിഎഫ്) ആയിരക്കണക്കിനാളുകളാണ് ഇറ്റാനഗറിന് സമീപം കഴിഞ്ഞ ദിവസം പ്രതിഷേധപ്രകടനം നടത്തിയത്. ഫെബ്രുവരി 17മുതല്‍ വന്‍ പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
1978ൽ ജനത സര്‍ക്കാര്‍ കൊണ്ടുവന്ന അരുണാചൽ പ്രദേശ് ഫ്രീഡം ഒഫ് റിലീജിയന്‍ ആക്ട് നടപ്പാക്കാനുള്ള മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം. 1978ൽ സംസ്ഥാനം പാസാക്കുകയും രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്തെങ്കിലും നാല് പതിറ്റാണ്ടിലേറെയായി ഈ നിയമം നടപ്പാക്കിയിട്ടില്ല.
എന്നാൽ 2024 സെപ്റ്റംബറിൽ ഗുവാഹത്തി ഹൈക്കോടതിയുടെ ഇറ്റാനഗർ ബെഞ്ച് ഇതുമായി ബന്ധപ്പട്ടൊരു ഹരജയില്‍ വാദം കേട്ടിരുന്നു. പിന്നാലെയാണ് ആറ് മാസത്തിനുള്ളിൽ നിയമങ്ങൾ രൂപീകരിക്കാൻ സർക്കാരിനോട് ഉത്തരവിട്ടത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ട് ലക്ഷത്തിലധികം ക്രിസ്തുമത വിശ്വാസികളാണ് പ്രതിഷേധത്തിന്റെ ഭാഗമായതെന്ന് എസിഎഫ് പ്രസിഡന്റ് തർ മിറി പറഞ്ഞു. നിയമത്തിനെതിരെ തുടക്കം മുതലെ എസിഎഫ് രംഗത്തുണ്ട്. നിയമം നടപ്പിലാക്കുകയാണെങ്കില്‍ സംസ്ഥാനത്തെ ക്രിസ്ത്യന്‍ വിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് സംഘടന വിശദീകരിക്കുന്നത്.
നിയമം നടപ്പാക്കാനുള്ള ഇപ്പോഴത്തെ സർക്കാരിന്റെ നീക്കം ഭരണഘടനാ വിരുദ്ധവും മതേതരത്വത്തിന് എതിരാണെന്നും തർ മിറി പറഞ്ഞു.
അതേസമയം നിയമം റദ്ദാക്കാൻ കഴിയില്ലെന്നും കോടതി നിര്‍ദേശമായതിനാല്‍ നടപ്പിലാക്കേണ്ടി വരുമെന്നുമാണ് സര്‍ക്കാറുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. നടപ്പിലാക്കുകയാണെങ്കില്‍ കൂടിയാലോചനകള്‍ നടത്തുമെന്നും അവര്‍ വ്യക്തമാക്കുന്നു.
ബലപ്രയോഗത്തിലൂടെയോ പ്രലോഭനത്തിലൂടെയോ വഞ്ചനാപരമായ മാർഗങ്ങളിലൂടെയോ മതപരിവർത്തനം നിരോധിക്കുന്നതാണ് നിയമം. ലംഘിക്കുന്ന പക്ഷം രണ്ട് വർഷം തടവോ 10,000 രൂപ വരെ പിഴയോ ലഭിക്കും. ഓരോ മതപരിവർത്തനവും ജില്ലാ ഡെപ്യൂട്ടി കമ്മീഷണർക്ക് റിപ്പോർട്ട് ചെയ്യണമെന്നും വീഴ്ച വരുത്തിയാല്‍ പിഴ ചുമത്തണമെന്നും നിയമം നിര്‍ദേശിക്കുന്നു.
1971ലെ സെൻസസ് പ്രകാരം 0.79% ആയിരുന്നു സംസ്ഥാനത്തെ ക്രിസ്തുമത വിശ്വാസികള്‍. 2011ല്‍ അത് 30.26 ശതമാനം ആയി ഉയര്‍ന്നു. 13 ശതമാനം ബുദ്ധമതക്കാരാണ്. അതേസമയം ഡോണി പോളോ പോലുള്ള തദ്ദേശീയ വിശ്വാസം ഇപ്പോഴും പിന്തുടരുന്ന വലിയൊരു വിഭാഗം ആളുകളും അവിടെയുണ്ട്. തദ്ദേശീയ വിശ്വാസ അനുയായികളിൽ ഒരു വിഭാഗം, നാല് പതിറ്റാണ്ട് പഴക്കമുള്ള മതപരിവർത്തന വിരുദ്ധ നിയമം നടപ്പാക്കുന്നതിനായി വാദിക്കുന്നവരുമാണ്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നാഗാലാൻഡ്, മേഘാലയ, മിസോറാം എന്നിവ ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനങ്ങളാണ്. മണിപ്പൂരിലും ഗണ്യമായ ക്രിസ്ത്യൻ ജനസംഖ്യയുണ്ട്. അതിനാൽ മതപരിവർത്തന വിരുദ്ധ നിയമത്തെക്കുറിച്ചുള്ള പുതിയ വിവാദം ഈ സംസ്ഥാനങ്ങളില്‍ ചലനം സൃഷ്ടിക്കും.
Adjust Story Font
16