ഏക്നാഥ് ഷിൻഡെ വിഭാഗത്തിൽ നിന്ന് അഞ്ചിലേറെ എം.എൽ.എമാർ ഉദ്ധവ് പക്ഷത്തേക്കെന്ന് റിപ്പോർട്ട്
എം.എൽ.എമാർ ഉദ്ധവ് താക്കറെ പക്ഷത്തെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്
മുംബൈ: ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗത്തിൽ നിന്ന് അഞ്ചിലേറെ എം.എൽ.എമാർ ഉദ്ധവ് താക്കറെ പക്ഷത്തേക്ക് മറുകണ്ടം ചാടാനൊരുങ്ങുന്നതായി റിപ്പോർട്ട്. എം.എൽ.എമാർ ഉദ്ധവ് താക്കറെ പക്ഷത്തെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്.
പാർട്ടിയിലേക്ക് വരാൻ സന്നദ്ധത അറിയിച്ച എം.എൽ.എമാരുടെ കാര്യത്തിൽ ഉദ്ധവ് താക്കറെ തീരുമാനമെടുക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ട അജിത് പവാർ പക്ഷത്തിൽ നിന്നും എം.എൽ.എമാർ കൂടുമാറ്റത്തിനൊരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. ഒരു സീറ്റിൽ മാത്രമാണ് പാർട്ടിക്ക് ജയിക്കാനായത്. ഇതിന് പിന്നാലെയാണ് എം.എൽ.എമാർ കൂടുമാറ്റത്തിനൊരുങ്ങുന്നത്.
അജിത് പവാറിന്റെ എൻ.സി.പി വിഭാഗത്തിൽ നിന്നുള്ള 15 ഓളം എംഎൽഎമാർ ശരദ് പവാർ ക്യാമ്പുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വ്യാഴാഴ്ച റിപ്പോർട്ടുകൾ വന്നിരുന്നു. നിരവധി നേതാക്കൾ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ശരദ് പവാർ വിഭാഗം സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ പറഞ്ഞു. എന്നാൽ ഏത് പാർട്ടിയുടെ നേതാക്കളാണെന്ന് അദ്ദേഹം വെളിപ്പെടുത്താൻ തയാറായില്ല.മഹാരാഷ്ട്രയിൽ വൻ വിജയം പ്രതീക്ഷിച്ചിറങ്ങിയ മഹായുതി സഖ്യം 17 സീറ്റിലൊതുങ്ങിയിരുന്നു. 30 സീറ്റായിരുന്നു മഹാവികാസ് അഖാഡി വിഭാഗം നേടിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജി പ്രഖ്യാപിച്ചിരുന്നു.
Adjust Story Font
16