പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കാനാളില്ല; മുത്തൂറ്റ് ലേലപരസ്യം നല്‍കിയത് പത്രത്തിന്‍റെ അഞ്ച് പേജുകളില്‍!
"സ്വര്‍ണത്തോടുള്ള നമ്മുടെ സ്നേഹം വെച്ചുനോക്കുമ്പോള്‍ ഇത് വ്യക്തിപരമായ 33,000 ദുരന്തങ്ങളാണ്...'
കോവിഡ് കാലത്ത് സാധാരണക്കാര്‍ അനുഭവിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തി ധനവിനിമയ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിന്‍റെ പത്രപരസ്യം. അടവു മുടങ്ങിയ പണയവസ്തുക്കള്‍ ലേലം ചെയ്യുന്ന പരസ്യത്തിനായി ഇംഗ്ലീഷ് ദിനപത്രമായ ബിസിനസ് സ്റ്റാന്‍ഡേഡിന്‍റെ അഞ്ച് പേജുകളാണ് വേണ്ടിവന്നത്. എട്ട് ബ്രാഞ്ചുകളില്‍ മാത്രമായി ഉടമസ്ഥര്‍ 'ഉപേക്ഷിച്ച' 33,000-ലേറെ ആഭരണങ്ങളാണ് മുത്തൂറ്റ് ലേലം ചെയ്യാനൊരുങ്ങുന്നത്.
ഇന്ന് പുറത്തിറക്കിയ ബിസിനസ് സ്റ്റാന്‍ഡേഡ് ബാംഗ്ലൂര്‍ എഡിഷന്‍റെ 15 മുതല്‍ 19 വരെ പേജുകളിലായാണ് കുടിശ്ശിക വരുത്തിയവരുടെ പണയ നമ്പറുകളടക്കം മുത്തൂറ്റിന്‍റെ 'ജംബോ' പരസ്യം പ്രസിദ്ധീകരിച്ചത്. കര്‍ണാടകയിലെ വിവിധ ബ്രാഞ്ചുകളിലെ മാത്രം കണക്കാണിത്. 'താഴെ പറയുന്ന ബ്രാഞ്ചുകളില്‍ പണയം വെക്കുകയും കാലാവധി കഴിഞ്ഞ ശേഷം നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും തിരിച്ചെടുക്കാതിരിക്കുകയും ചെയ്ത സ്വര്‍ണാഭരണങ്ങള്‍ അതത് ബ്രാഞ്ചുകളില്‍ ലേലം ചെയ്യും' എന്ന കുറിപ്പോടെയാണ് പരസ്യം തുടങ്ങുന്നത്. വിവിധ ബ്രാഞ്ചുകളില്‍ ജനുവരി 25-നാണ് ലേലം നടക്കുക.
രാമനഗര്‍, തുംകൂര്‍, ബാംഗ്ലൂര്‍ റൂറല്‍, ചിക്കബല്ലാപൂര്‍, ബാംഗ്ലൂര്‍ അര്‍ബന്‍, കോലാര്‍ എന്നീ ജില്ലകളിലെ ബ്രാഞ്ചുകളിലുള്ള പണയവസ്തുക്കളുടെ വിവരങ്ങളാണ് പരസ്യത്തിലുള്ളത്. ഇതില്‍ സിംഹഭാഗവും ബാംഗ്ലൂര്‍ അര്‍ബനിലെ ബ്രാഞ്ചുകളിലാണ്. ലേല തിയ്യതിക്കു മുമ്പ് ഉപഭോക്താക്കള്‍ക്ക് പണം നല്‍കി ആഭരണങ്ങള്‍ തിരിച്ചെടുക്കാമെന്നും പരസ്യത്തില്‍ പറയുന്നു.
നടനും എഴുത്തുകാരനുമായ മോഹിത് സത്യാനന്ദ് പത്രപരസ്യം ട്വിറ്ററില്‍ പങ്കുവച്ച് കുറിച്ചതിങ്ങനെ:
'അഞ്ച് പേജ് നിറയെ പണയസ്വര്‍ണങ്ങള്‍ ലേലത്തിന്. 33,000 വീടുകള്‍ക്ക് തങ്ങളുടെ ധനം വീണ്ടെടുക്കാന്‍ കഴിയാത്തതിലെ ഇച്ഛാഭംഗം. ഇത് ഇന്ത്യയിലെ സാധാരണ നിലയാണോ എന്നെനിക്ക് അറിയില്ല. പക്ഷേ, സ്വര്‍ണത്തോടുള്ള നമ്മുടെ സ്നേഹം വെച്ചുനോക്കുമ്പോള്‍ ഇത് വ്യക്തിപരമായ 33,000 ദുരന്തങ്ങളാണ്...'
Adjust Story Font
16