ക്ലാസിൽ തോക്കുമായെത്തി നഴ്സറി വിദ്യാർഥി; 10 വയസുകാരനെ വെടിവച്ചു
ബാഗിലൊളിപ്പിച്ച നിലയിലായിരുന്നു തോക്ക്.
പട്ന: ക്ലാസിൽ തോക്കുമായെത്തി നഴ്സറി വിദ്യാർഥിയായ അഞ്ച് വയസുകാരൻ. സ്കൂളിലെത്തി നടത്തിയ വെടിവെപ്പിൽ മൂന്നാം ക്ലാസുകാരനായ വിദ്യാർഥിക്ക് പരിക്കേറ്റു. നോർത്ത് ബിഹാറിലെ സുപാവുൽ ഗ്രാമത്തിലെ ലാൽപട്ടിയിലാണ് ഞെട്ടിക്കുന്ന സംഭവം.
ബുധനാഴ്ച രാവിലെയാണ് അഞ്ച് വയസുകാരൻ തോക്കുമായി ക്ലാസിലെത്തിയത്. ബാഗിലൊളിപ്പിച്ച നിലയിലായിരുന്നു തോക്ക്. തുടർന്ന് ഇതെടുത്ത് മൂന്നാം ക്ലാസുകാരനു നേരെ വെടിയുതിർക്കുകയായിരുന്നു. 10 വയസുകാരന്റെ കൈയിലാണ് വെടിയേറ്റത്- പൊലീസ് സൂപ്രണ്ട് ശൈശവ് യാദവ് പറഞ്ഞു.
'പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് വയസുകാരനായ കുട്ടിക്ക് എവിടെനിന്ന് തോക്ക് കിട്ടിയെന്നും അതെങ്ങനെ പ്രദേശത്തെ സ്വകാര്യ സ്കൂളിലേക്ക് കൊണ്ടുവന്നെന്നും കണ്ടെത്താൻ ശ്രമിക്കുകയാണ്'- യാദവ് പറഞ്ഞു.
'വിദ്യാർഥികളുടെ ബാഗുകൾ പതിവായി പരിശോധിക്കാൻ ജില്ലയിലുടനീളമുള്ള സ്കൂളുകളോട് ഞങ്ങൾ ആവശ്യപ്പെടുന്നു. സംഭവം രക്ഷിതാക്കളിൽ ഏറെ ഉത്കണ്ഠ ഉളവാക്കിയിട്ടുണ്ട്'- എസ്.പി കൂട്ടിച്ചേർത്തു.
Adjust Story Font
16