വീണ്ടും ആൾക്കൂട്ടക്കൊല; മോഷ്ടാവെന്ന് ആരോപിച്ച് 50കാരനെ തല്ലിക്കൊന്നു
പ്രദേശത്ത് രാത്രി കാവൽ ഏർപ്പെടുത്തിയിരുന്നതായി നാട്ടുകാർ പറയുന്നു
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭംഗറിൽ മോഷ്ടാവെന്ന് സംശയിച്ച് 50 വയസ്സുകാരനെ തല്ലിക്കൊന്നു. അസ്ഗർ മൊല്ല എന്നയാളാണ് കൊല്ലപ്പെട്ടത്. കൊൽക്കത്ത പൊലീസിൻ്റെ അധികാരപരിധിയിൽ വരുന്ന ഭംഗർ പൊലീസ് സ്റ്റേഷനിൽ നിന്ന് 500 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ച പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രദേശവാസികൾ ഇയാൾ മദ്യലഹരിയിലാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഭംഗർ ബസാറിൽ മോഷണം നടന്നതിനെ തുടർന്ന് പ്രദേശത്ത് രാത്രി കാവൽ ഏർപ്പെടുത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. പുലർച്ചെ 4.30ഓടെ കൊലപാതകം നടന്നെന്നാണ് കരുതുന്നത്. ആളെ രക്ഷിക്കാൻ ആരും മുന്നോട്ടു വന്നില്ലെന്ന് ആക്ഷേപമുണ്ട്.
'മമത ബാനർജിയുടെ സർക്കാർ ആൾക്കൂട്ട ആക്രമണങ്ങൾക്കും ആൾക്കൂട്ട കൊലപാതകങ്ങൾക്കുമെതിരെ ഒരു നിയമം തയ്യാറാക്കി. അത് ജഗദീപ് ധൻകര്‍ ഗവർണറായിരിക്കെ അംഗീകാരത്തിനായി രാജ്ഭവനിലേക്ക് അയച്ചതാണ്. ഇപ്പോൾ ബിൽ രാജ്ഭവനിൽ ഗവർണർ സി.വി ആനന്ദ ബോസിൻ്റെ പക്കലുണ്ട്.'- ടി.എം.സി നേതാവ് ജോയ് പ്രകാശ് മജുംദാർ പറഞ്ഞു.
സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ അടുത്ത കാലത്ത് ആൾക്കൂട്ട കൊലപാതക കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Adjust Story Font
16